കോഴിക്കോട്: മാങ്കാവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതു.മഞ്ചേരി സ്വദേശി ഷിമിത്തിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഐഡിടിആറിൽ ഒരാഴ്ചയിലെ പരിശീലനത്തിൽ പങ്കെടുക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.കോഴിക്കോട് ആർടിഒ ജെബി ഐ ചെറിയാൻ ആണ് നടപടി സ്വീകരിച്ചത്. ബസ് ഡ്രൈവറുടെ ക്രൂരത മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. തെറ്റായ ദിശയിൽ വന്ന ബസിന് വഴി കൊടുക്കാത്തതിൽ പ്രകോപിതനായി പിക്കപ്പ് വാൻ ഇടിച്ചു നീക്കുകയായിരുന്നു.
നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്.
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. ഐസിഎംആര്‍ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണല്‍ ആന്റിബോഡി രോഗിക്ക് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് അറിയിച്ചു. രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 7 പേരില്‍ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു.
അതിനിടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആകെ 6 പേര് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയുടെ സാമ്പിള്‍ കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്
പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി.
കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. വനിതകള്‍ക്ക് മാത്രം സൗജന്യയാത്ര ഒരുക്കുന്ന പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്ജിക്കാരന് ആരോപിച്ചു.ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെയാണ് പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തിക ആഘാത വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല.
പൊതുജനാഭിപ്രായ രൂപീകരണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപോലെ നടപ്പിലാക്കുകയാണ് ചെയ്തത്. പദ്ധതി വഴി പ്രതിദിനം രണ്ട് കോടിയുടേയും പ്രതിവര്‍ഷം 800 കോടി രൂപയുടേയും അധികബാധ്യത കെഎസ്ആര്‍ടിസിക്ക് വരും. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ന് മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്.
തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര നടന്നത്. കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സര്‍വീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശ്ശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദര്‍ശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.
3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്സെഷന് ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിക്കും. കഴിഞ്ഞ ദിവസം ടിക്കറ്റിന്റെ മാതൃക പുറത്തിറക്കിയിരുന്നു.
ഫുട്ബാളിന്റെ പുസ്തകം’ രചയിതാവും സാമൂഹിക പ്രവർത്തകനുമായ പുവ്വഞ്ചിരി അബ്ദുറഹ്മാൻ (74) അന്തരിച്ചു.
അരീക്കോട്: മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രശസ്തമായ ‘ഫുട്ബാളിന്റെ പുസ്തകം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവും സാമൂഹിക പ്രവർത്തകനുമായ പുവ്വഞ്ചിരി അബ്ദുറഹ്മാൻ (74) അന്തരിച്ചു. ‘ടെലിഫോൺ അബ്ദുറഹ്മാൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം അരീക്കോട് ചാലിൽ കുണ്ടിൽ താമസിച്ചിരുന്ന പരേതനായ പൂവ്വഞ്ചേരി കമ്മോയ് കാക്കാന്റെ മകനാണ്. നിലവിൽ തെരട്ടമ്മൽ ചെറിയ പാലത്തിന് സമീപമാണ് താമസം. മയ്യിത്ത് നമസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്തു പള്ളിയിൽ നടക്കും.
കേരള മാപ്പിള കലാ അക്കാദമി അരീക്കോട് ചാപ്റ്ററിന്റെ ചാരിറ്റി കൺവീനറായി ദീർഘകാലമായി ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഫുട്ബോൾ കായിക ലോകത്തെ ആസ്പദമാക്കി അദ്ദേഹം എഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച കായിക ഗ്രന്ഥത്തിനുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അവാർഡും ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. പൂവഞ്ചേരി റംലയാണ് ഭാര്യ. സമീൽ, റിസ്ല, സാലിസ എന്നിവർ മക്കളാണ്.
താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ യാത്രികരെ ആക്രമിച്ച് വധ ഭീഷണി മുഴക്കിയ കാർ യാത്രക്കാർക്ക് എതിരെ കേസെടുത്തു.
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിൻ്റെ കഴുത്തിനു നേരെ വാക്കത്തി വെച്ച് കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും, സ്കൂട്ടറിൻ്റെ മഡ്ഗാർഡ് വെട്ടിപ്പൊളിക്കുകയും ചെയ്ത KL 75B 2526 നമ്പർ കാർ യാത്രക്കാർക്കെതിരെ BNS 126 (2), 351 (3),324 (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.പ്രതികളായ കാർ യാത്രക്കാരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.ഇന്നലെ വൈകീട്ട് 3 മണിക്ക് ചുരം എട്ടാം വളവിൽ വെച്ചായിരുന്നു സംഭവം.ഒൻപതാം വളവിൽ വെച്ച് കാർസഡൻ ബ്രേക്ക് ഇട്ടപ്പോൾ പിന്നിൽ സ്കൂട്ടർ തട്ടി എന്നാരോപിച്ച് എട്ടാം വളവിൽ സ്കൂട്ടർ യാത്രികരെ തടഞ്ഞു നിർത്തി കാറിൽ നിന്നും വാക്കത്തി എടുത്ത്`കുന്ദമംഗലം മടവൂർ സ്വദേശിയായ മുഹമ്മദ് അൻവറിൻ്റെ കഴുത്തിൽ അമർത്തുകയും യുവാവും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിൻ്റെ മഡ്ഗാർഡ് വെട്ടിപ്പൊളിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’: വ്യാപക റെയ്ഡിൽ 179 പേർ അറസ്റ്റിൽ, വൻതോതിൽ നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് നടത്തിയ ശക്തമായ മിന്നൽ പരിശോധനയിൽ വൻ വിജയം. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ലഹരിവസ്തുക്കളുടെ വിപണനത്തിലും കടത്തിലും ഏർപ്പെട്ട 179 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ലഹരി ഇടപാടുകൾ നടത്തുന്നതായി സംശയിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ കർശന പരിശോധനകൾക്കൊടുവിൽ 174 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് വിവിധ തരത്തിലുള്ള നിരോധിത ലഹരിവസ്തുക്കളും മാരക രാസലഹരി ശേഖരവും വൻതോതിൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ സംസ്ഥാനത്താകെ 2,433 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2,619 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കിലോഗ്രാം കണക്കിന് നിരോധിത പുകയില-ലഹരി ഉൽപ്പന്നങ്ങളും മാരകമായ രാസലഹരി വസ്തുക്കളുമാണ് ഇതുവരെ മൊത്തമായി പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
നിങ്ങളുടെ പ്രദേശത്തെ ലഹരി വിപണനത്തെക്കുറിച്ചോ കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ പോലീസിനെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പറുകൾ:ഫോൺ: 9497979794, 9497927797വാട്സ്ആപ്പ്: 9995966666
ഞങ്ങൾക്ക് എല്ലാ കെഎസ്ആർടിസി ബസിലും സൗജന്യ യാത്രവേണം..’ -സമരവുമായി മഹിളാമോർച്ച.
കോട്ടയം: സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ വനിതാവിഭാഗമായ മഹിളാ മോർച്ച. ‘ഞങ്ങൾക്ക് കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസിലും സൗജന്യമായി യാത്രചെയ്യണം… സ്ത്രീകളെ വഞ്ചിച്ചില്ലേ…’ -കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രതിഷേധത്തിനായി ബസിൽ കയറിയ മഹിളാമോർച്ച ഭാരവാഹികൾ പറഞ്ഞു.‘തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസിലും സൗജന്യയാത്ര തരുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഭരണം കൈയിൽ കിട്ടിയപ്പോൾ ഓർഡിനറി മാത്രമാക്കി. അത് പറ്റില്ല. സ്ത്രീ ജനങ്ങളെ പറഞ്ഞ് പറ്റിക്കാൻ പറ്റില്ല. ഞങ്ങൾ മഹിളാ മോർച്ചയുടെ ജില്ലാ പ്രസസിഡന്റിന്റെ നേതൃത്വത്തിലാണ് വന്നിരിക്കുന്നത്. വാഗ്ദാനം പൂർണമായും പാലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ’; സമയ തര്‍ക്കത്തില്‍ സ്വകാര്യബസുകള്‍ക്ക് എംവിഡി മുന്നറിയിപ്പ്..
കോട്ടയം:സ്വകാര്യബസ് സമയം തെറ്റി ഓടിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഒരു ബസ് മറ്റൊരു ബസില്‍ മനഃപൂര്‍വ്വം കൊണ്ടിടിപ്പിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. പന്തളം-കായംകുളം റൂട്ടിലോടുന്ന ‘രാഖി’എന്ന ബസില്‍ ‘ദുര്‍ഗ’ എന്ന പേരിലുള്ള സ്വകാര്യ ബസ് മനഃപൂര്‍വ്വം ഇടിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്.’രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, പക്ഷെ ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ച…’ എന്ന കുറിപ്പോടെ 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
ബജറ്റ് തയ്യാറാക്കുന്ന തിരക്കിലേക്ക് മുഖ്യമന്ത്രി; ജൂൺ 19 വരെ സന്ദർശകർക്ക് നിയന്ത്രണം.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാൽ മുഖ്യമന്ത്രിക്ക് താൽക്കാലികമായി സന്ദർശന വിലക്ക്. ജൂൺ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പൊതുജനങ്ങൾക്കും മറ്റ് സന്ദർശകർക്കും ഉണ്ടാകുന്ന ഈ താൽക്കാലിക ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള വലിയൊരു ദൗത്യത്തിലാണ് മുഖ്യമന്ത്രിയും സർക്കാരുമുള്ളത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യർഥിച്ചു. ജൂൺ 19നാണ് വി.ഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്.
സെൻസസ്: നാളെ മുതൽ 30 വരെ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ സൗകര്യം; ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ.
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ ബിജു. വീടുകളുടെ പട്ടിക തയ്യാറാക്കലും സെന്‍സസുമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ 30 വരെ വീടുകളുടെ കണക്കെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കുമെന്നും കെ ബിജു പറഞ്ഞു.ആകെ 33 ചോദ്യങ്ങളാണ് ഇതിനായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ നല്കാന് നാളെ മുതല്‍ 15 ദിവസത്തേക്ക് https://se.census.gov.in/ എന്ന പോര്‍ട്ടല്‍ വഴി ‘സെല്‍ഫ് എന്യൂമറേഷന്’ സൗകര്യം ലഭ്യമാണ്.
ഈ വിവരങ്ങള്‍ പിന്നീട് ഫീല്‍ഡ് സന്ദര്‍ശന വേളയില്‍ എന്യൂമറേറ്റര്‍മാര്‍ പരിശോധിച്ച് സ്ഥിരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവരശേഖരണത്തിനായി അധ്യാപകരും ജീവനക്കാരുമടങ്ങുന്ന 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. എന്യൂമറേറ്റര്‍മാര്‍ ‘HLO’ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ‘സെന്‍സസ് മാനേജ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം’ പോര്‍ട്ടലും ഉപയോഗിക്കും. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും കെ ബിജു പറഞ്ഞു.
വരും ദിവസങ്ങളില്‍ സെന്സിന് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ ഷിഫ്റ്റ് സമ്പ്രദായം സംബന്ധിച്ച് സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന് സെന്‍സസ് ഡയറക്ടര്‍ ഡോ. മിത്ര പറഞ്ഞു. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത തരത്തില്‍ അധ്യാപകരെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും. സെന്‍സസുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും 1000 രൂപ പിഴയും തടവും ശിക്ഷ വിധിക്കുമെന്നും മിത്ര പറഞ്ഞു. വിദേശത്തുള്ള ഇന്ത്യക്കാര്‍ സെന്‍സസിന്റെ ഭാഗമാകില്ലെന്നും മിത്ര പറഞ്ഞു.



