spot_img
Thursday, July 2, 2026
Home Blog Page 191

‘ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ട; നിർദേശവുമായി ​ഗതാഗത കമ്മീഷണർ

0

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്ന് ഗതാഗത കമ്മീഷണർ രാജീവ് ആർ. ഇത്തരത്തിൽ പിഴ ചുമത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണർ നിർദേശത്തിൽ പറയുന്നു.

സമീപകാലത്തായി വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത്‌ വാഹനത്തിന്‌ പുക പരിശോധന സർട്ടിഫിക്കറ്റ്‌ ഇല്ല, ഡ്രൈവിംഗ്‌ ലൈസൻസ്‌ ഇല്ല എന്ന്‌ തരത്തിൽ മോട്ടോർ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ പ്രതിപാദിക്കാത്ത വിധം ഉദ്യോഗസ്ഥർ കേസുകൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിർദേശം നൽകിയത്. ഇത്തരത്തിലുള്ള നടപടി നിയമവി​​രുദ്ധമാണെന്ന് ​ഗ​താ​ഗത കമ്മീഷണർ സർക്കുലറിൽ പറയുന്നു.

മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ ഇത്തരം നിയമപരമല്ലാത്ത കേസുകൾ തയ്യാറാക്കി വാഹന ഉടമകളെ ബുദ്ധിമുട്ടിക്കരുത്. അടിസ്ഥാനരഹിതമായ കേസുകൾ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിച്ചാൽ അന്വേഷിച്ച്‌ നിയമപരമല്ലാത്ത നടപടികൾ സ്വീകരിക്കുന്നത്‌ കണ്ടാൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി.

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

0

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്

0

എറണാകുളം: എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്.ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്‍റെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്. ബസിൽ കുടുങ്ങിയ മറ്റു യാത്രക്കാരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിൽ നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.

തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

0

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്സ് ഓഫീസ് വിജയമായിരുന്നു. ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണൻ എന്ന ചിത്രവും അദ്ദേഹത്തിന്റേതാണ്. ആകെ നാല് ചിത്രങ്ങളായിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.2015 ൻ്റെ തുടക്കത്തിൽ എആർ മുരുകദോസിൻ്റെ പ്രൊഡക്ഷൻ ഹൗസിനായി ആദംസ് ആപ്പിൾ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ എസ്‌.എസ്‌.സ്റ്റാൻലി തീരുമാനിച്ചിരുന്നു. വൈഭവിനെയും ആൻഡ്രിയ ജെറമിയയെയും അഭിനേതാക്കളെ അവതരിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടു. എന്നാൽ ഈ പ്രോജക്ട് യാഥാർത്ഥ്യമായില്ല. ‘പെരിയാർ’ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. ‘രാവണൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് അവസാന ചിത്രം.

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു

0

തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോര്‍ട്ട് തേടി വനം മന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ ധനസഹായം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി പിക്നിക്ക് സ്പോട്ടിന് സമീപത്തുവെച്ചാണ് ഇന്നലെ വൈകിട്ടോടെ കാട്ടാന ആക്രമണം ഉണ്ടായത്.

ആദിവാസി ഉന്നതിയിലെ കുടുംബങ്ങള്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ ഇവിടെ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. വാഴ്ച്ചൽ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു കുടുംബത്തിലെ നാലംഗ സംഘമാണ് തേനെടുക്കാൻ പോയത്. ഇതിനിടെ സതീഷനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഇതോടെ രക്ഷപ്പെടാൻ വേണ്ടി കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തിൽ ചാടി.

സതീഷ്, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവരാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. രവിക്കും പരിക്കേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിലേക്ക് ചാടിയ അംബിക മുങ്ങി മരിച്ചതാണെന്നാണ് സംശയിക്കുന്നത്. മഞ്ഞക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടുകൊമ്പൻ പ്രദേശത്ത് വരാറുണ്ടെന്നും ഇപ്പോള്‍ മദപ്പാടിലാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംവകുപ്പ്

വാഴച്ചാൽ ഉന്നതിയിലെ, സതീഷ്, അംബിക എന്നിവരടക്കമുള്ള സംഘം മൂന്ന് ദിവസമായി കാട്ടിനകത്തു കുടിൽ കെട്ടി തേൻ ശേഖരിച്ചുവരികയാരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചതിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ സതീശന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അംബികയുടെ മൃതദേഹം പൊലീസ് എത്തി പുഴയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷിച്ചുവരുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റുമോർട്ടത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വനംവകുപ്പ് പറഞ്ഞു

ഒരൊറ്റ ദിവസം അറസ്റ്റിലായത് 137 പേര്‍, മാരക മയക്കുമരുന്നടക്കം പിടിച്ചെടുത്തു, ഓപ്പറേഷൻ ഡി ഹണ്ട് തുടരും

0

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2135 പേരെ പരിശോധിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 137 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.011 കി.ഗ്രാം), കഞ്ചാവ് (23.544 കി.ഗ്രാം), കഞ്ചാവ് ബീഡി (107 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 13ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

ബലാത്സംഗ ശ്രമത്തിനിടെ അഞ്ചുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

0

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബീഹാറിൽ നിന്നുള്ള നിതേഷ് കുമാർ (35) എന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസുമായുള്ള സംഘർഷത്തെത്തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ആണ് ഇയാൾ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കടുത്ത പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചത്.

കൊപ്പൽ ജില്ലയിൽനിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാകുന്നത്. തുടർന്ന് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തി. ഇതിനിടെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് പിടിയിലായതിന് പിന്നാലെ ഇയാൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റതായും പോലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം കൊലപാതകക്കുറ്റത്തിനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.

ചില രേഖകൾ ശേഖരിക്കാനും ഐഡന്റിറ്റി പരിശോധിക്കാനും റിതേഷിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയപ്പോൾ പോലീസിന് നേരെ കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചതായി ഹുബ്ബള്ളി പോലീസ് കമ്മീഷണർ ശശി കുമാർ പറഞ്ഞു. രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

മൂന്ന് മാസത്തോളമായി നിതേഷ് ഹുബ്ബള്ളിയിൽ താമസിക്കുന്നുണ്ടെന്നും വർഷങ്ങളായി വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും ലഭ്യമായിടത്തെല്ലാം ജോലിക്ക് പോയിരുന്നുവെന്നും പോലീസ് പറഞ്ഞു. നഗരത്തിൽ നിർമ്മാണ സ്ഥലങ്ങളിലും ഹോട്ടലുകളിലും ജോലി ചെയ്തിരുന്നു.

ബെവ്കോ ഔ‍ട്ട്ലെറ്റിൽ പെൺകുട്ടിയെ വരിനിർത്തിയത് അച്ഛനെന്ന് സ്ഥിരീകരിച്ചു; ഹാജരാകാൻ നിര്‍ദേശിച്ചതായി പൊലീസ്

0

പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിൽ പെൺകുട്ടിയെ വരി നിർത്തിയതെന്ന് അച്ഛനാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ്. തൃത്താല മാട്ടായി സ്വദേശിയാണ് ഇയാളെന്നും നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.

ഇന്ന് എട്ട് മണിയോടെയാണ് ബെവ്കോ ഔ‍ട്ട്ലെറ്റിലെ ക്യൂവിൽ പത്ത് വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടി വരി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. മദ്യം വാങ്ങാൻ എത്തിയവർ പകർത്തിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റിന് ന്യൂസിന് ലഭിച്ചിരുന്നു. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും ഇയാൾ കുട്ടിയെ മാറ്റിനിർത്താൻ തയ്യാറായിരുന്നില്ല. ബന്ധുവാണ് കുട്ടിയെ നിർത്തിയതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അച്ഛനാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്ന് വിവരം പുറത്തുവന്നിരിക്കുന്നത്. 

സവാള കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി

0

ഒട്ടുമിക്ക കറികളിലും നമ്മൾ സവാള ചേർക്കാറുണ്ട്. രുചിക്ക് മാത്രമല്ല പലതരം ആരോഗ്യ ഗുണങ്ങളും സവാളയിൽ അടങ്ങിയിട്ടുണ്ട്. കടയിൽ പോയി സവാള ഒരുമിച്ച് വാങ്ങിക്കുന്നത് നല്ലതാണ്. എന്നാൽ ഇവ ദിവസം കഴിയുംതോറും കേടാവാൻ തുടങ്ങും. പിന്നീടിത് ഉപയോഗിക്കാനും സാധിക്കില്ല. സവാള ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മാസങ്ങളോളം ഇത് ഉപയോഗിക്കാൻ സാധിക്കും. സവാള കേടുവരാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി. അവ എന്തൊക്കെയാണെന്ന് അറിയാം.

ശരിയായ രീതിയിൽ വായു സഞ്ചാരമുള്ള സ്ഥലത്ത് മാത്രമേ സവാള സൂക്ഷിക്കാൻ പാടുള്ളൂ. കടയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന പ്ലാസ്റ്റിക് ബാഗിൽ തന്നെ സൂക്ഷിക്കാതെ ഉടനെ സവാള പുറത്തെടുത്ത് വയ്‌ക്കേണ്ടതുണ്ട്. നല്ല രീതിയിൽ വായു സഞ്ചാരമുണ്ടാകണമെങ്കിൽ ബാസ്കറ്റിലോ പേപ്പർ ബാഗിലോ സൂക്ഷിക്കുന്നതാണ് നല്ലത്. സവാള മൊത്തത്തിൽ കൂടികിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇത് ശരിയായ വായു സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്നു. ഈർപ്പമില്ലാത്ത സ്ഥലങ്ങൾ സവാളയിൽ ഈർപ്പമുണ്ടായാൽ അവ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാൻ അനുയോജ്യമല്ല. അധികം ചൂടും, ഈർപ്പവും സൂര്യപ്രകാശവും ഏൽക്കാത്ത സ്ഥലങ്ങളിൽ വേണം സവാള സൂക്ഷിക്കേണ്ടത്.

ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത് ഉരുളകിഴങ്ങ്, ആപ്പിൾ എന്നിവയുടെ കൂടെ സവാള സൂക്ഷിച്ചാൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. കാരണം ഉരുളക്കിഴങ്ങിൽ ഈർപ്പമുണ്ട്. ഇതിനൊപ്പം സൂക്ഷിച്ചാൽ സവാളയിലും കേടുവരുന്നു. കൂടാതെ ഉരുളകിഴങ്ങ് സവാളയുടെ ഗന്ധം വലിച്ചെടുക്കുകയും ചെയ്യും. അതിനാൽ തന്നെ ഇവ മാറ്റി സൂക്ഷിക്കുന്നതാണ് നല്ലത്

ആറ് മാസം കൊണ്ട് കുറച്ചത് 15 കിലോ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് രജിഷ

സിനിമകൾക്കായും മറ്റും ശരീരഭാരം കുറച്ചും കൂട്ടിയും ട്രാൻസ്ഫർമേഷൻ നടത്തുന്ന നടീ നടന്മാരെ നമ്മൾ പല ഇന്ഡസ്ട്രികളിലും കാണാറുണ്ട്. മലയാളത്തിൽ അടുത്തിടെ ഇത്തരത്തിൽ വമ്പൻ ട്രാൻസ്ഫർമേഷൻ നടത്തി ഞെട്ടിച്ചത് ആട് ജീവിതത്തിന് വേണ്ടി പൃത്വിരാജാണ്. ഇപ്പോൾ ഇതാ മറ്റൊരു ട്രാൻസ്ഫർമേഷൻ കൂടി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. മറ്റാരുമല്ല, മലയാളികളുടെ പ്രിയ നദി രജിഷ വിജയനാണ് തന്റെ രൂപമാറ്റം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.

6 മാസം കൊണ്ട് രജിഷ വിജയൻ കുറച്ചത് 15 കിലോ ഭാരമാണ്. കേള്‍ക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. കഴിഞ്ഞ ദിവസം രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി നസ്ലൻ അടക്കമുള്ള താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്.

‘2024ൽ ഖാലിദ് റഹ്മാൻ നിർദേശിച്ച പ്രകാരമാണ് രജിഷ എന്റെയടുത്ത് വരുന്നത്. ആദ്യം കാണുമ്പോൾ ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയായിരുന്നു. മുൻപ് നടന്നൊരു ഷൂട്ടിങ്ങിനിടെ ലിഗമെന്റുകൾക്കേറ്റ പരുക്കുകളുണ്ടായിരുന്നു’ – അലി ഷിഫാസ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. പക്ഷേ വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി എത്ര കഷ്ടപ്പെടാനും രജിഷ തയാറായിരുന്നു. 6 മാസം കൊണ്ട് 15 കിലോ ഭാരമാണ് കുറച്ചത്. മുൻപ് ഒട്ടും ആരോഗ്യകരമല്ലാത്ത ഡയറ്റുകളാണ് നോക്കിയിരുന്നതെങ്കിൽ ഇത്തവണ ബാലൻസ്ഡ് ഡയറ്റിലൂടെയാണ് പോയത്. മസിൽ ലോസ് ഇല്ലാതെയാണ് വണ്ണം കുറച്ചത്. ഇതിനിടെ പരുക്കുകളിലൂടെ കടന്നുപോവേണ്ടി വന്നെങ്കിലും ഒരിക്കലും രജിഷ പിന്തിരിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. രജിഷയുടെ ആത്മാർഥതയെ അഭിനന്ദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

പോസ്റ്റിൽ പങ്കുവച്ച ചിത്രങ്ങളിൽ രജിഷ വർക്ഔട്ട് ചെയ്യുന്നതും ഡെഡ്‌ലിഫ്റ്റ് ചെയ്യുന്നതും കാണാനാകും. ഒപ്പം പല തവണയായി കാലിനേറ്റ പരുക്കുകളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ അപർണ ബാലമുരളി, അരുൺ കുര്യൻ, അന്ന ബെൻ, ഗീതു മോഹൻദാസ് അടക്കം നിരവധി താരങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.