spot_img
Thursday, July 2, 2026
Home Blog Page 424

വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു, സവിശേഷ അധികാരം, കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്, കളക്ടറേറ്റിൽ ഉപവാസ സമരം

0

കല്‍പ്പറ്റ:വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന്  രാവിലെ പത്തുമണിക്ക് കൽപ്പറ്റ കളക്ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയിൽ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നു.

ഇതിനിടെ, തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ.വിജയാനന്ദിന് ചുമതല. മനുഷ്യ – മൃഗ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏകോപിക്കുകയാണ് ചുമതല. ഇതിനായുള്ള നോഡൽ ഓഫീസറായിട്ടാണ് സിസിഎഫ് കെ.വിജയാന്ദ് ചുമതലയേറ്റത്. മാനന്തവാടി നോർത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പസിലാണ് താത്കാലിക ഓഫീസ് . വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്.

അതേസമയം, വയനാട് ജില്ലയിലെ വന്യമൃഗ ശല്യം എന്നേക്കുമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത ഇന്ന് കളക്ട്രേറ്റ് പടിക്കൽ ഉപവസിക്കും. കൽപ്പറ്റ നഗരത്തിൽ പ്രകടനവും പൊതുയോഗവും തീരുമാനിച്ചിട്ടുണ്ട്. രാവിലെ പത്തുമണിക്കാണ് ധർണ തുടങ്ങുക. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് പ്രകടനം. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാനന്തവാടി, താമരശ്ശേരി രൂപത ബിഷപ്പുമാർ പങ്കെടുക്കും.

11 ദിവസങ്ങള്‍ പിന്നിട്ടിട്ടും ബേലൂര്‍ മഖ്നയെ പിടികൂടാനായിട്ടില്ല. ദൗത്യം ഇന്ന് പന്ത്രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. 72 മണിക്കൂറായി മോഴയാന കർണാടക വനമേഖലയിലാണ്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പരിശോധിക്കുന്നത് ദൗത്യ സംഘം തുടരുന്നുണ്ട്. ഒരു തവണ പെരിക്കല്ലൂർ മരക്കടവ് ഭാഗത്തേക്ക് പുഴമുറിച്ചു കടന്ന് എത്തിയതൊഴിച്ചാൽ ആന പൂർണമായും കർണാടക വനമേഖലയിൽ തന്നെയാണ്. കേരളാർതിർത്തിയിൽ കടന്നാലേ ആനയെ മയക്കുവെടി വെയ്ക്കാനാകു.

അതിനിടെ, പുൽപ്പള്ളി മേഖലയിൽ വീണ്ടും കടുവ വളർത്തു മൃഗത്തെ പിടിച്ചു. പാക്കം മേഖലയിൽ വനയോരത്ത് മേയാൻ വിട്ട രണ്ടുപശുക്കളെയാണ് കടുവ ആക്രമിച്ചത്. ഒന്നു ചത്തുപോയി. ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഖ്ന ദൗത്യത്തിനോടൊപ്പം പങ്കുചേരാൻ ട്രാക്കിങ് വിദഗ്ദനും ഷാർപ് ഷൂട്ടറുമായ നവാബ് അലി ഖാൻ ഇന്നലെ വയനാട്ടിലെത്തി. നവാബ് അലിഖാൻ ബേലൂർ മഖ്ന ദൗത്യ സംഘത്തിനൊപ്പം ചേരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നാലം​ഗ സാങ്കേതിക വിദഗദ് സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്.

ബോയിങ്ങിൽ അഴിച്ചുപണി, പുത്തൻ വിമാനങ്ങൾ വൈകും, ലോകമെങ്ങുമുള്ള സർവീസുകളെ ബാധിച്ചേക്കും

ന്യൂയോർക്ക്: ആകാശമധ്യേ യാത്രാവിമാനത്തിന്റെ വാതില്‍ പുറത്തേക്കു തെറിച്ചു പോയ സംഭവത്തെ തുടർന്ന് ബോയിങ്ങിൽ അഴിച്ചുപണി. ബോയിങ് 737 വിമാനങ്ങളുടെ മേധാവിയെ തൽസ്ഥാനത്തു നിന്ന് നീക്കി. പുതിയ സുരക്ഷാ നടപടികളും പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം അഞ്ചിനാണ് 121 പേരുമായി പറന്ന അലാസ്ക എയർലൈൻസിന്‍റെ ബോയിങ് 737 മാക്സ് 9 വിമാനത്തിന്‍റെ വാതിൽ പുറത്തേക്ക് തെറിച്ചുവീണത്.

പതിനാറായിരം അടി ഉയരത്തിലാണ് സംഭവം. യാത്രക്കാർക്ക് അപകടമൊന്നും ഉണ്ടായില്ല. വിമാനത്തിന്‍റെ വാതിലിന്‍റെ ബോൾട്ടുകള്‍ അയഞ്ഞതാണ് അപകട കാരണമെന്ന് പിന്നീട് കണ്ടെത്തി. യാത്രക്കാർക്കിടയില്‍ വലിയ ആശങ്ക പരത്തിയ ഈ അപകടത്തെ തുടർന്നാണ് ബോയിങ് ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചുപണി പ്രഖ്യാപിച്ചത്. 737 വിമാനങ്ങളുടെ ചുമതല വഹിച്ചിരുന്ന എഡ് ക്ലാർക്കിനെ കമ്പനി തൽസ്ഥാനത്തു നിന്ന് നീക്കി. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള പുതിയ നടപടികളും പ്രഖ്യാപിച്ചു.

737 മാക്സ് 9 വിമാനങ്ങളുടെ പറക്കലിന് അമേരിക്കന്‍ വ്യോമയാന ഏജൻസി എഫ്എഎ ഏർപ്പെടുത്തിയ വിലക്ക് താല്‍ക്കാലികമായി പിൻവലിച്ചെങ്കിലും പുതിയ 737 വിമാനങ്ങളുടെ നിർമാണം പരിമിതിപ്പെടുത്താൻ നിർദേശം നൽകി. വിമാനങ്ങളുടെ നിർമാണം കർശനമായി നിരീക്ഷിക്കും. അതുകൊണ്ട് യുണൈറ്റഡ് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ കാത്തിരിക്കുന്ന പുതിയ മാക്സ് 8, മാക്സ് 9, മാക്സ് 10 വിമാനങ്ങളുടെ നിർമാണം വൈകും. ഇത് ലോകമെങ്ങുമുള്ള വ്യോമയാന സർവ്വീസുകളെ ബാധിക്കാനിടയുണ്ട്.

റേഷന്‍ കാര്‍ഡ് ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച്‌ 18ന് മുന്‍പ് പൂര്‍ത്തിയാക്കണം.

0

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച്‌ 18ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. മാര്‍ച്ച്‌ 31 വരെ സമയമുണ്ടെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, തീയതി മാറ്റിയതില്‍ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വ്യക്തതയില്ല. കാര്‍ഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുന്‍ഗണനാ കാര്‍ഡിന് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) അര്‍ഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യുന്നത്. 18ന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി മാര്‍ച്ച്‌ 15, 16, 17 തീയതികളില്‍ എല്ലാ താലൂക്കിലും ക്യാംപുകള്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലം മാറ്റം ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇത് തീർപ്പാക്കുന്നതുവരെയാണ് നടപടി നിർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രിബ്യൂണൽ കണ്ടെത്തൽ, പത്തു ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. അതേസമയം ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ സമര്‍പ്പിക്കുന്ന കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്.

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരി​ഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻ​ഗണന നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം പരി​ഗണിക്കാതെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്.

മാനനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റം നടത്തിയെന്നും ട്രിബ്യൂണൽ പറയുന്നു. പത്തു ദിവസത്തിനകം ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻ​ഗണന നൽകി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കാൻ ജാഗ്രതാസമിതികള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മിഷൻ

0

കോഴിക്കോട്: ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കിയാല്‍ കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കി കൊണ്ടുപോവാൻ സാധിക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.

പ്രാദേശികമായി ഇടപെട്ടുകൊണ്ട് കുടുംബാംഗങ്ങള്‍ തമ്മില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ജാഗ്രതാ സമിതികള്‍ക്ക് സാധിച്ചാല്‍ കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കും. ഗാർഹിക പീഡന പ്രശ്‌നങ്ങളില്‍ ജാഗ്രതാ സമിതികളുടെ ഇടപെടല്‍ ശക്തിപ്പെടേണ്ടതുണ്ട്. മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് വനിതാ കമ്മിഷൻ അവാർഡ് നല്‍കും.

കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയവയില്‍ കൂടുതലെന്ന് പി. സതീദേവി പറഞ്ഞു. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായതോടെ തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും കമ്മറ്റി നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ അത് രൂപീകരിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു.

ജില്ലാതല അദാലത്തില്‍ എട്ട് പരാതികള്‍ തീർപ്പാക്കി. ഒരു പരാതിയില്‍ പോലീസ് റിപ്പോർട്ട് തേടി. ഒരു പരാതിയില്‍ വുമണ്‍ പ്രോട്ടക്ഷൻ ഓഫീസർ മുഖാന്തരം ഒരു സ്ത്രീക്ക് ഭർത്താവിന്റെ വീട്ടില്‍ താമസിക്കുന്നതിന് പ്രോട്ടക്ഷൻ ഓർഡർ വാങ്ങി നല്‍കാൻ നിർദേശം നല്‍കി. 44 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 54 പരാതികളാണ് പരിഗണനയ്ക്ക് വന്നത്.

അഭിഭാഷകരായ വി.പി. ലിസി, പി.എ. അബിജ, കൗണ്‍സിലർമാരായ സി. അവിന, സുനിഷ റിനു, സുധിന സനൂഷ്, സബിന രണ്‍ദീപ്, എഎസ്‌ഐമാരായ ഗിരിജ എല്‍ നാറാണത്ത്, എം.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു

യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

0

തിരുവനന്തപുരം : യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സർക്കാരിലുള്ളതെന്നും യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയൊക്കെ മനസിൽവച്ചു തന്നെയാണ് സർക്കാർ നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. എല്ലാ വിഭാഗത്തെയും ഉൾച്ചേർത്തുള്ള മുന്നോട്ടുപോക്കാണ് സർക്കാരിന്റെ മനസിലുള്ളത്. യുവജനങ്ങളുടെ അഭിപ്രായങ്ങൾ ഇനിയുള്ള ഘട്ടങ്ങളിൽ സർക്കാർ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുക തന്നെ ചെയ്യും. ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്നവരാണു യുവജനങ്ങൾ. ഇന്നത്തെ കാലത്തിന് അനുസൃതമായ സാധ്യതകൾ  യുവാക്കൾക്ക് ഒരുക്കിക്കൊടുക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമത്തിനു കേരളത്തിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രധാനമാണ്. അവ ഉൾക്കൊണ്ടു മുന്നോട്ടുപോകണമെന്നാണു സർക്കാർ കരുതുന്നത്.

കേരളത്തിന്റെ നേട്ടങ്ങളെ ശക്തിപ്പെടുത്തണമെങ്കിൽ അതിന് അനുവദിക്കുന്ന സാമൂഹിക സാഹചര്യം ശക്തിപ്പെടണം. കേരളത്തിന്റെ മതനിരപേക്ഷ സമൂഹം രാജ്യത്തിനും ലോകത്തിനാകെയും മാതൃകയാണ്. അത്തരമൊരു സമൂഹത്തിലേ ജനങ്ങൾക്ക് ഒരുപോലെ പ്രാപ്യമാകുന്ന നേട്ടങ്ങളുണ്ടാക്കാനാകൂ. അതുകൊണ്ടു കേരളത്തിന്റെ ഈ സവിശേഷ സാമൂഹ്യ സാഹചര്യത്തെ സംരക്ഷിക്കണം. അതു തകർന്നാൽ ഒന്നും നേടാനാവില്ല. അതുകൊണ്ടു ജാതിരഹിതമായും മതാതീതമായും ചിന്തിക്കാനും പ്രവർത്തിക്കാനും യുവജനങ്ങൾ മുന്നോട്ടുവരണം. നവോത്ഥാന പ്രസ്ഥാനങ്ങളും അവ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പകരുന്ന ഊർജ്ജം ഉൾക്കൊണ്ടു സമൂഹത്തിന്റെ ഒരുമ നിലനിർത്തുന്നതും ശക്തിപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം.

സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമായ ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താനുള്ള പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ കേരളത്തിലെ യുവജനങ്ങളുണ്ടാകണം. ശാസ്ത്രവും സാങ്കേതികവിദ്യയും സാമൂഹിക – സാമ്പത്തിക പുരോഗതിക്കും സാമൂഹ്യപരിവർത്തനത്തിനും കൂടി ഉപകാരപ്പെടുമെന്ന് ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, ജീനോം ഡേറ്റാ സെന്റർ,  ന്യൂട്രാസ്യൂട്ടിക്കൽസ് ഉൾപ്പെടെ വിവിധ മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങൾ, ഡിഫൻസ് പാർക്ക്, സ്‌പേസ് പാർക്ക്, എ ഐ ക്യാമറ തുടങ്ങിയ സംവിധാനങ്ങളൊക്കെ കേരളത്തിൽ ഒരുക്കുന്നത്.

സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിക്കൊണ്ട് കൃഷിയെ മുതൽ ആതുരശുശ്രൂഷയെ വരെ നവീകരിക്കുകയാണ്. നാടിന്റെ വളർച്ചയ്ക്ക് കാർഷിക വളർച്ച ഉണ്ടായേ തീരൂ. എന്നാൽ യുവാക്കൾ ആ രംഗത്തു നിന്നു മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയുണ്ട്. ആ നില മാറണം. കാർഷികവൃത്തിയിലേക്കു യുവാക്കളെ ആകർഷിക്കാൻ കഴിയണം. വ്യാവസായിക ഉത്പാദന വർദ്ധനവിനുള്ള നടപടികളുടെ ഭാഗമായാണു സംരംഭക വർഷം,  മിഷൻ  1000  ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഇവ കേരളത്തിന്റെ വ്യവസായ മേഖലയെ ചടുലമാക്കിക്കൊണ്ടിരിക്കുകയാണ്.

ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഉത്പാദക സംസ്ഥാനമാക്കി മാറ്റുകയും അതുവഴി ചെറുപ്പക്കാർക്ക് ആവശ്യമായ തൊഴിലുകൾ ലഭ്യമാക്കി ഉദ്യോഗാർഥി എന്ന തലത്തിൽ നിന്ന് ഉദ്യോഗ ദാതാക്കളായി നമ്മുടെ ചെറുപ്പക്കാരെ മാറ്റിയെടുക്കാനാണു സർക്കാരിന്റെ ശ്രമം. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2022-23  ൽ സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ആദ്യത്തെ എട്ട് മാസംകൊണ്ടു തന്നെ പ്രതീക്ഷിച്ച ലക്ഷ്യം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 1,39,000 ത്തിലധികം സംരംഭങ്ങൾ പുതുതായി നാട്ടിൽ സൃഷ്ടിക്കപ്പെട്ടു. മൂന്നു ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. ഇതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഈ സാമ്പത്തിക വർഷം സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 91,000 ത്തോളം സംരംഭങ്ങൾ ആരംഭിക്കുകയും 6,100 കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കുകയും 1,90,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

വ്യവസായ വളർച്ച ലക്ഷ്യമിട്ടു മിഷൻ 1000 എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1,000 എം എസ് എം ഇ കളെ നാലു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റിത്തീർക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനോടകം 552 അപേക്ഷകൾ ലഭിച്ചു. 88 എണ്ണത്തിന്റെ പരിശോധന പൂർത്തിയാക്കി പദ്ധതിയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്റെ വ്യവസായ വളർച്ച  17.3 ശതമാനമാണ്.

ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടും തൊഴിലെടുക്കാൻ കഴിയാത്ത നിരവധി സ്ത്രീകൾ നാട്ടിലുണ്ട്. അവർക്ക് ലോക തൊഴിൽ വിപണിയിലേക്കുള്ള അവസരങ്ങൾ തുറന്നു നൽകുന്നതിനായി സർക്കാർ പല ഇടപെടലുകളും നടത്തുകയാണ്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം പോലുള്ളവ അതിന് ഉദാഹരണമാണ്. വ്യവസായങ്ങളെ പരിപോഷിപ്പിച്ചു തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യം.

വർക്ക് എവേ ഫ്രം ഹോം പോലെ തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ടൂറിസം രംഗത്തിനുകൂടി ഉപകാരപ്പെടും. പ്രാദേശിക ടൂറിസം വികസനത്തിലടക്കം ഇത് മികച്ച സംഭാവന നൽകും. സംരംഭകരാകാൻ താത്പര്യമുള്ളവർക്കു ശക്തമായ പിന്തുണയാണു സംസ്ഥാന സർക്കാർ നൽകുന്നത്. ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി പരിവർത്തിപ്പിക്കാൻ യുവാക്കൾക്കു പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പ് നയമാണ് നടപ്പാക്കുന്നത്.വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ സ്റ്റാർട്ടപ്പ് മേഖലയിൽ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ  778 സ്റ്റാർട്ടപ്പുകൾക്കായി 35 കോടി രൂപ വിതരണം ചെയ്തു. ഇതിന്റെയൊക്കെ ഫലമായി ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ബെസ്റ്റ് പെർഫോമർ പുരസ്‌കാരം കേരളം സ്വന്തമാക്കി. സ്റ്റാർട്ടപ്പ് ജീനോമിന്റെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്റ് റേറ്റിംഗിൽ ഏഷ്യയിൽ ഒന്നാമതാണ് കേരളം.

ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യു ബി ഐ ഗ്ലോബൽ തെരഞ്ഞെടുത്തത് കേരള സ്റ്റാർട്ടപ്പ് മിഷനെയാണ്. കേരളത്തിലെ സ്റ്റാർട്ടപ്പുകളും പരമ്പരാഗത വ്യവസായങ്ങളും തമ്മിൽ സഹകരിക്കുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കണം. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലത്ത് പരമ്പരാഗത വ്യവസായ മേഖലയിൽ നൂതന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനും കഴിയണം.

ലോക വസ്ത്ര വിപണിയിൽ മാറിവരുന്ന സങ്കൽപങ്ങൾക്കനുസരിച്ച് പുതിയ വിഭവങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷന്റെ ഫാബ് ലാബുകൾ പ്രയോജനപ്പെടുത്തണം. ഓരോ മേഖലയ്ക്കും ഉതകുന്ന വിധത്തിൽ സ്റ്റാർട്ടപ്പുകളെ ഉപയോഗപ്പെടുത്താൻ യുവാക്കൾക്കു കഴിയണം. അതിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും. വ്യത്യസ്ത മേഖലകളിലെ തൊഴിലാളികൾക്ക് മിനിമം കൂലി നൽകാതെയിരിക്കുന്നതുമായി ബന്ധപ്പെട്ട പിഴ വർധിപ്പിച്ചുകൊണ്ട് 2017 ൽ മിനിമം വേജ് ആക്റ്റിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നു. ഗിഗ് മേഖലയിലെ തൊഴിലാളികൾക്ക് ന്യായമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നതിനായി ഗിഗ് സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതിനുള്ള ഒരു നയം രൂപീകരിക്കുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിച്ചുവരികയാണ്. ഓൺലൈൻ ഡെലിവറി ഏജന്റുമാർക്കായി ഒരു ക്ഷേമനിധി രൂപീകരിക്കുന്ന കാര്യവും പരിഗണനയിലാണ്.

ഡിജിറ്റൽ ലേബർ പ്ലാറ്റ്ഫോമുകളും പ്ലാറ്റ്ഫോം തൊഴിലാളികളുടെ കൂട്ടായ്മകളും തമ്മിലുള്ള തർക്ക പരിഹാരത്തിനു സർക്കാർ ഇടപെടുന്നുണ്ട്. കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് (ഭേദഗതി) നിയമം, 2018 വഴി ‘ഇരിക്കാനുള്ള അവകാശം’ ഉറപ്പാക്കിയത് വനിതകൾക്ക് ഏറെ പ്രയോജനകരമായി. 2017 ലെ മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) നിയമം, 2017 ലെ വ്യാവസായിക തർക്ക (കേരള ഭേദഗതി) നിയമം എന്നിവയും പ്രസക്തമാണ്. കേരള സർക്കാർ ഗാർഹിക തൊഴിലാളി (നിയന്ത്രണവും ക്ഷേമവും) ബിൽ തയ്യാറാക്കിയിട്ടുണ്ട്. ഈ ബിൽ കൊണ്ടുവരുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണു കേരളം. ഹോം നഴ്സുമാർക്കും വീട്ടുജോലിക്കാർക്കും ന്യായമായ വേതനവും ആരോഗ്യ ആനുകൂല്യങ്ങളും ശമ്പളത്തോടു കൂടിയ അവധിയും ലഭ്യമാക്കാനാണ് ബിൽ നിർദ്ദേശിക്കുന്നത്.

തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടുതന്നെയാണു കേരളം വ്യവസായ മുന്നേറ്റം കൈവരിക്കുന്നത്. എന്നാൽ, കേരളത്തിൽ വ്യവസായങ്ങൾ വളരുന്നില്ലായെന്നും ഇവിടെ നിക്ഷേപങ്ങൾ നടത്താൻ കഴിയില്ലായെന്നും ഒക്കെ പ്രചരിപ്പിക്കുന്നവരുണ്ട്. ഇതു വസ്തുതാവിരുദ്ധമാണ്. ഗ്ലോബൽ സ്പൈസസ് പ്രോസസിങ്ങിന്റെ ഹബ്ബാണ് കേരളം. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ  50 ശതമാനത്തോളം കേരളത്തിലാണ്. സീ ഫുഡ് പ്രോസസിംഗ് നടത്തുന്ന 75 ശതമാനം കമ്പനികൾക്കും യൂറോപ്യൻ യൂണിയൻ സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ലോകത്ത് ഏറ്റവുമധികം കൃത്രിമപ്പല്ലുകൾ ഉണ്ടാക്കുന്ന കമ്പനിയും, ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനിയും, ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ എക്യുപ്മെന്റ് ഉത്പാദന കമ്പനികളിലൊന്നും കേരളത്തിലാണുള്ളത്. 25 വർഷത്തിലധികമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ലോകത്തെതന്നെ ഒരു മുൻനിര സോഫ്റ്റ്‌വെയർ കമ്പനി കേരളം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് എയർബസ്, നിസാൻ, ടെക്ക് മഹീന്ദ്ര എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നത്. ഈ സർക്കാരിന്റെ കാലത്താകട്ടെ ടിസിഎസ്, ടാറ്റാ എലക്‌സി, ഐബിഎം തുടങ്ങിയ കമ്പനികൾ കേരളത്തിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയോ പുതുതായി പ്രവർത്തനം ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ടോറസ് ഡൗൺടൗൺ എന്ന വൻകിട പദ്ധതി നടപ്പാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. കേരളം എത്രമാത്രം വ്യവസായ സൗഹൃദമാണ് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇതൊക്കെ.

കേരളത്തിലെ പുതിയ കായികനയം യുവജനങ്ങളെ മുന്നിൽക്കണ്ടാണു തയാറാക്കിയിട്ടുള്ളത്. എല്ലാവർക്കും കായികരംഗത്ത് ശാസ്ത്രീയ മാനദണ്ഡങ്ങളോടെ വിദഗ്ധ പരിശീലനം നൽകി ഉന്നത നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കായികനയം പ്രഖ്യാപിച്ചത്. യുവജനങ്ങൾക്ക് കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള കൂടുതൽ പദ്ധതികളും പരിപാടികളും ഇതുവഴി ഉണ്ടാകും. ഓരോ വാർഡിലും കളിക്കളം ഒരുക്കുന്നതിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന സർക്കാരിന്റെ വാഗ്ദാനം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കായികമേഖലയിൽ തൊഴിൽ നൈപുണ്യം വികസിപ്പിക്കാൻ സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിക്കുകയാണ്.

പ്രളയത്തേയും മറ്റു പ്രകൃതി ദുരന്തങ്ങളേയും നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികളേയും അതിജീവിച്ചാണു നാം നവകേരളം സൃഷ്ടിക്കുന്നത്. എന്നാൽ, കേരളം ആർജ്ജിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും കേരളത്തെ സാമൂഹികമായും സാമ്പത്തികമായും തകർക്കാനും ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം അതിജീവിച്ചുവേണം നമുക്ക് മുന്നേറാൻ. കേരളത്തിന്റെ അതിജീവനത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ നമ്മുടെ യുവാക്കൾക്കും കഴിയണം. പ്രതിസന്ധികളും വിഷമങ്ങളും ജീവിതത്തിലുണ്ടാകും. അവയെ മുറിച്ചുകടന്ന് മുന്നോട്ടുപോവുക,  അതിനുള്ള കരുത്ത് ആർജ്ജിക്കുക എന്നതൊക്കെയാണു പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി,  ജി.ആർ. അനിൽ, എ.എ. റഹീം എം. പി, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, സംവിധായകനും നടനുമായ ബേസിൽ ജോസഫ്,  അർജുൻ അശോക്, അനശ്വര രാജൻ, വിധു പ്രതാപ്, പി.യു. ചിത്ര,  നിലീന അത്തോളി, ബി.കെ. ഹരിനാരായണൻ, അബിൻ ജോസഫ്,  ഡോ. അമ്പിളി, എൻ.കെ. ഷബിത,  ശ്യാമ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ഉയർന്ന താപനില : ജോലി സമയം പുനഃക്രമീകരിച്ചു

0

കേരളത്തിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജോലി സമയം പുനഃക്രമീകരിച്ചു. സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തിനുളളിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുളള സമയത്തിനുളളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമ സമയം ആയിരിക്കും. ഫിഷ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമായിരിക്കും. എല്ലാ തൊഴിൽ ഉടമകളും കരാറുകാരും സമയക്രമം പാലിക്കണം.

തീരദേശ ഹൈവേയിൽ സൈക്കിൾ ട്രാക്ക് ഒരുക്കും: മുഖ്യമന്ത്രി

0

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നിർമിക്കുന്ന തീരദേശ ഹൈവേയുടെ ഒരു വശത്ത് സൈക്കിൾ ട്രാക്ക് ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ ഉയർന്ന നിർദേശത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതടക്കം യുവജനങ്ങൾ മുന്നോട്ടുവച്ച വിവിധ ആശയ നിർദേശങ്ങൾ മുഖ്യമന്ത്രി വിശദമായി കേൾക്കുകയും സർക്കാർ തലത്തിൽ നടപ്പാക്കാവുന്ന കാര്യങ്ങൾ മറുപടിയായി അറിയിക്കുകയും ചെയ്തു. നവകേരള നിർമിതിയിൽ യുവാക്കളുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും വിളിച്ചോതുന്നതായിരുന്നു മൂന്നര മണിക്കൂർ നീണ്ടുനിന്ന മുഖാമുഖം പരിപാടി.

സംസ്ഥാനത്തു പുതുതായി നിർമിക്കുന്ന റോഡുകളിൽ സൈക്കിൾ ട്രാക്കുകൾകൂടി ഉറപ്പാക്കണമെന്നു സൈക്ലറായ ജിൻസൺ സ്റ്റീഫനാണ് അഭിപ്രായപ്പെട്ടത്. തീരദേശ പാതയിൽ സൈക്കിൾ ട്രാക്ക് വരുന്നത് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പേരിനൊപ്പം ജാതി ചേർക്കുന്ന പ്രവണത വർധിച്ചുവരുന്നതായി ഇതു സംബന്ധിച്ചു ഗായകൻ ഇഷാൻ ദേവ് ഉന്നയിച്ച വിഷയം മുൻനിർത്തി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട്ടിയോട് സ്‌കൂളിൽ ചില കുട്ടികൾ ജാതി ഏതാണെന്നു ചോദിക്കുന്നുവെന്ന് ഇഷാൻ ഉയർത്തിക്കാട്ടിയ പ്രശ്നം നാട്ടിൽ വരുന്ന വലിയൊരു പ്രവണതയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. തന്റെ പേരിനൊപ്പമുണ്ടായിരുന്ന ഒരു ഭാഗം ഉപേക്ഷിച്ചാണു മന്നത്തു പത്മനാഭൻ നവോത്ഥാനത്തിനു നേതൃത്വം നൽകുന്ന നേതാവായി നിലകൊണ്ടത്. പിന്നീടുള്ള കാലം ജാതി വ്യക്തമാക്കുന്ന തരത്തിലുള്ള പേരുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടി പഠിക്കാൻ ചെല്ലുമ്പോൾ പേരിനു പിന്നാലെ ഒരു ജാതിപ്പേരുകൂടി ചേർക്കുകയാണ്. അച്ഛനും അമ്മയും ജാതിയുടെ പേരിൽ അറിയപ്പെട്ടിട്ടില്ല. പക്ഷേ അവർതന്നെ കുട്ടിക്ക് ഇതു ചാർത്തിക്കൊടുക്കുകയാണ്. ഇതു നവോത്ഥാന മൂല്യങ്ങളിൽവരുന്ന കുറവാണ്. മനുഷ്യത്വമാണു ജാതിയെന്നതാണു നാട് പഠിച്ചു വന്നത്. ആ നിലയിലേക്ക് ഉയരാൻ കഴിയണം. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം പേരിന്റെയോ ജാതിചിന്തയുടേയോ കാര്യത്തിൽ മാത്രമല്ല സമൂഹത്തിൽ നിലനിന്നിരുന്ന ജീർണതകൾക്കെതിരേ കൂടിയായിരുന്നു. അത് കൂടുതൽ ശക്തമായി ഉയർത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകളിൽ ചലച്ചിത്രോത്സവം എന്ന ആശയം പരിശോധിക്കാം

ഐ.എഫ്.എഫ്.കെ. എല്ലാ ജില്ലകളിലും സംഘടിപ്പിക്കാൻ കഴിയുമോയെന്നതായിരുന്നു നടി അനശ്വര രാജന്റെ ചോദ്യം. നിർദേശം നല്ലതാണെങ്കിലും ചില പ്രായോഗിക പ്രശനങ്ങളുള്ളതിനാൽ കൂടുതൽ സമഗ്ര പരിശോധനയ്ക്കു വിധേയമാക്കി തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരിലേക്കു കൂടുതൽ വ്യാപകമായ രീതിയിൽ സിനിമയെ എത്തിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ചും കൂടുതൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

എൻജിനീയറിങ് മേഖലയിൽ പ്രായോഗിക വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകണമെന്ന് ശാസ്ത്ര മേഖലയിൽനിന്നു പങ്കെടുത്ത ഡോ. സി.എസ്. അനൂപ് പറഞ്ഞു. എൻജിനീയറിങ് വിദ്യാർഥി കോഴ്സ് കഴിഞ്ഞു പ്രായോഗിക ജീവിതത്തിലേക്കു കടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള പ്രായോഗിക ജ്ഞാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കിൽ ഡെവലപ്മെന്റ് പരിപാടികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കാലഘട്ടത്തിന് ആവശ്യമായി വരുന്ന എല്ലാ കോഴ്സുകളും പഠിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചുവരികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇതിന്റെ ഭാഗമായുള്ള വലിയ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.

സിനിമയിൽ അവസരത്തിനു കൊതിക്കുന്ന യുവാക്കൾക്കു സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്ന് നടൻ അർജുൻ അശോക് മുഖ്യമന്ത്രിയോടു ചോദിച്ചു. ഇതുമായി ബന്ധപ്പെട്ടു സർക്കാർ ചില സഹായങ്ങൾ നൽകുന്നുണ്ടെന്നും കൂടുതൽ ചെയ്യാനുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. സിനിമയുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ പഠിക്കാൻ പാഠ്യപദ്ധതിയിൽ മാറ്റം വരുത്താമോയെന്ന കാര്യങ്ങൾ വിദഗ്ധ സമിതിയുടെ പരിഗണനയ്ക്കു വിടാമെന്നു ഫാഷൻ ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വിദേശ അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ കഴിയുംവിധം സംസ്ഥാനത്തു ലോക നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ തുടങ്ങണമെന്നു പ്രവാസി പ്രതിനിധിയായി പങ്കെടുത്ത അമീർ കല്ലുപ്പുറം അഭിപ്രായപ്പെട്ടു. വിദേശ ഭാഷകൾ പഠിപ്പിക്കുന്ന പ്രവർത്തനങ്ങൾ നഴ്സിങ് മേഖലയുമായി ബന്ധപ്പെടുത്തി സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി മറുപടി നൽകി. കൂടുതൽ ഭാഷകളിൽ ഈ രീതിയിൽ പരിശീലനം നൽകേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉപരിപഠനത്തിനു വിദേശത്തു പോകുന്നവരെ തടയേണ്ട

വിദ്യാർഥികൾ ഉപരിപഠനത്തിനായി കേരളം വിടുന്ന സാഹചര്യം ഒഴിവാക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നായിരുന്നു യദു പഴയിടത്തിന്റെ ചോദ്യം. ഇതു തടഞ്ഞു നിർത്തേണ്ട കാര്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലെ വിദ്യാർഥികൾ കുഞ്ഞുന്നാൾ മുതൽ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടാണു വളരുന്നത്. പഠനവുമായി ബന്ധപ്പെട്ട് ഏതു തരം കോഴ്സ്, ഏതു സ്ഥാപനം, എവിടെയുള്ളത് തുടങ്ങിയവയെക്കുറിച്ചെല്ലാം അവർക്കു മനസിൽ ധാരണയുണ്ട്. പഴയ തലമുറയെപ്പോലെയല്ല. അതുകൊണ്ടു തന്നെ വിദേശത്തേക്കു പോകാനുള്ള അവരുടെ പ്രവണത പൂർണമായി തടയാൻ കഴിയില്ല. രാജ്യത്തുനിന്നു പുറത്തു പോയി പഠിക്കുന്ന വിദ്യാർഥികളിൽ നാലു ശതമാനം മാത്രമാണു കേരളത്തിൽനിന്നുള്ളവർ. ഇത് ആശങ്കപ്പെടേണ്ട കണക്കല്ല. ഇവരെ തടയലല്ല, ഇവിടെ കൂടുതൽ മെച്ചപ്പെട്ട നലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയർത്തലാണ് സർക്കാരിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യം മികച്ച രീതിയിൽ വർധിക്കണം. രാജ്യാന്തര നിലവാരത്തിലുള്ളവയടക്കം മികച്ച ഹോസ്റ്റലുകളുണ്ടാകണം. പശ്ചാത്തല സൗകര്യത്തിനൊപ്പം കാലികമായ കോഴ്സുകളും വരണം. ഇപ്പോൾത്തന്നെ ഈ മേഖലയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ ഉയരങ്ങളിലെത്തണം. ഇവിടുത്തെ മികവ് അറിഞ്ഞു മറ്റു സ്ഥലങ്ങളിൽനിന്നു കുട്ടികൾ ഇവിടേയ്ക്കു വരുന്ന നിലയിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്.

ദേശീയ ഗെയിംസിൽ മെഡലുകൾ നേടുന്ന കായികതാരങ്ങൾക്കു കേരളത്തിന്റേതായ ജോലിയിൽ പ്രവേശിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പി.യു. ചിത്ര അഭിപ്രായപ്പെട്ടു. കായിക താരങ്ങൾക്കു സർക്കാർ മികച്ച പരിഗണന നൽകുന്നുണ്ടെന്നും ജോലി നൽകുന്നതടക്കമുള്ള കാര്യത്തിൽ വേഗത കൂട്ടാൻ കഴിയുമോയെന്നു പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളോത്സവം പോലുള്ള പരിപാടികൾ പ്രവാസി മലയാളികൾക്കിടയിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കണമെന്നു പ്രവാസിയായ റസിയ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ആലോചനകൾ നേരത്തേ നടന്നിരുന്നതായും ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശ്യാമയുടെ നിർദേശം ഗൗരവമായി പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി മേഖലയ്ക്കു മുന്തിയ പരിഗണന

ആദിവാസി മേഖലയ്ക്ക് സൗജന്യങ്ങൾ നൽകുന്നതിനുപകരം തൊഴിൽ നൽകി അവരെ സ്വയംപര്യാപ്തരാക്കുന്ന നടപടികൾക്കാണു മുൻതൂക്കം നൽകേണ്ടതെന്ന് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന പ്രസാദ് അഭിപ്രായപ്പെട്ടു. ആദിവാസി മേഖലയിൽ തൊഴിൽ നൽകുന്നതിനു സർക്കാർ പ്രാമുഖ്യം നൽകുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊലീസ്, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിൽ ഇതുമായി ബന്ധപ്പെട്ടു നടപടി സ്വീകരിച്ചു. വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഇവർക്ക് ആവശ്യമായ തൊഴിൽ നൽകുകയെന്നതാണു സർക്കാരിന്റെ നയം. ഇവർക്കായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇവരെ ഒരു ഘട്ടം കഴിഞ്ഞാൽ പ്രത്യേകം നിർത്തി പഠിപ്പിക്കേണ്ടതുണ്ടോ മറ്റുള്ളവർക്കൊപ്പം വിദ്യാഭ്യാസ രംഗത്ത് കൂടിച്ചേരലുകൾ ഉണ്ടാക്കുന്ന മാറ്റമല്ലേ വേണ്ടതെന്ന ചിന്തയുമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഐ.എസ്.ആർ.ഒയുടെ മൂന്നു പ്രധാന കേന്ദ്രങ്ങളുള്ള കേരളത്തിൽ സ്പേസ് ഹബ് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കണമെന്നു ശാസ്ത്ര മേഖലയിൽനിന്നു പങ്കെടുത്ത ഡോ. അമ്പിളി അഭിപ്രായപ്പെട്ടു. ഇതു നല്ല നിർദേശമാണെന്നും അതിന്റെ ഭാഗമായുള്ള നടപടികൾ സർക്കാർ നിലവിൽ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. സോഷ്യൽ മീഡിയ കണ്ടെന്റ് ക്രിയേറ്റേഴ്സിന് സർക്കാർ മേഖലയിൽ അക്കാദമി ആരംഭിക്കണമെന്ന വിഷ്ണു കടൽമച്ചാന്റെ നിർദേശം പരിശോധിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക മേഖലയിലേക്കു കൂടുതലായി യുവാക്കളെ കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നു ജൈവ പച്ചക്കറി കർഷകൻ റോബർട്ട് അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിൽ യുവാക്കൾ കൂടുതലായി വരുന്നില്ലെന്നതു ശരിയാണെന്നും യുവാക്കൾ കൂടുതലായി കാർഷിക മേഖലയിലേക്കു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല വിദ്യാഭ്യാസം ലഭിച്ചു വിവിധ ജോലികളിൽ ഇരുന്നവർ കാർഷിക വൃത്തിയിലേക്കു വന്നിട്ടുണ്ട്. കാർഷിക രംഗത്തു വലിയ തോതിലുള്ള സാങ്കേതിക മാറ്റങ്ങൾ വരുന്നുണ്ടെന്നും അത് ശരിയായി ഉപയോഗിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീന്തൽ പരിശീലനം വിദ്യാലയങ്ങളിൽ

മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ വിദ്യാർഥികൾക്കു സ്‌കൂൾതലത്തിൽ നീന്തൽ പരിശീലനം നൽകണമെന്നു സാഹസിക നീന്തൽ മേഖലയിലുള്ള ഡോൾഫിൻ രതീഷ് പറഞ്ഞു. നീന്തൽ പരിശീലനത്തിനു നല്ല പ്രാധാന്യം നൽകുന്നുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി എല്ലാ വിദ്യാർഥികളും നീന്തൽ പഠിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. പല സ്‌കൂളുകളും ഇതു നടപ്പാക്കുന്നുണ്ട്. അതു പൂർണതയിലെത്തിക്കാൻ കഴിയുംവിധം വിദ്യാഭ്യാസ കാലം ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 10 മണിക്ക് സ്റ്റേജ് പരിപാടികൾ നിർത്തണമെന്ന നിബന്ധന കലാകാരന്മാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു രാജേഷ് ചേർത്തല അഭിപ്രായപ്പെട്ടു. കലാപരിപാടികൾ എത്ര മണിവരെയാകാമെന്ന പ്രശ്നമുണ്ടെന്നും കലാപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ വലിയ സ്പീക്കറുകൾ ഉപയോഗിക്കുന്നതു പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിർദേശം സംബന്ധിച്ചു പൊതുവിൽ ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർക്കല ബീച്ചിൽ നൈറ്റ് ലൈഫ് പ്രവർത്തനങ്ങൾക്കു പൊലീസ് അനുവദിക്കുന്നില്ലെന്നും വർക്കല പോലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ കൂടുതൽ പ്രാധാന്യം നൽകുകയാണു വേണ്ടതെന്നും യുട്യൂബർ യാസിർ അഭിപ്രായപ്പെട്ടു. എന്നാൽ നൈറ്റ് ലൈഫ് പദ്ധതികൾ ചില പ്രദേശങ്ങളിൽ സ്വന്തമായി പ്രഖ്യാപിച്ചു നടത്തേണ്ടതല്ലെന്നും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാകാം പൊലീസ് ഇത്തരം നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വർക്കലയടക്കമുള്ള സ്ഥലങ്ങളിൽ നൈറ്റ് ലൈഫ് സാധ്യതകൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ സയൻസ് പാർക്കിൽ കേരളത്തിന്റെ ഉത്പന്നങ്ങൾക്കു പ്രാധാന്യം നൽകണമെന്നായിരുന്നു റോബോട്ട് സായയുടെ അഭിപ്രായം. റോബോട്ടിക് കമ്പനികൾക്ക് ഉത്പന്നങ്ങൾ വികസിപ്പിക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ഇതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഐ ടി മേഖലയില്‍ വന്‍ കുതിപ്പിനായി കോഴിക്കോട്: രണ്ടാം നിര നഗരങ്ങളില്‍ കോഴിക്കോടിനെ മുന്നിലെത്തിക്കാന്‍ കെടിഎക്സ് 2024

കോഴിക്കോട്: പരമ്പരാഗത ഐടി നഗരങ്ങള്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വീര്‍പ്പു മുട്ടുമ്പോള്‍ നാളെയുടെ ഐടി ഹബായി മാറാന്‍ കോഴിക്കോട് ഒരുങ്ങുന്നു. നൂതനത്വത്തിലും സാങ്കേതിക വിദ്യയിലുമുള്ള മലബാറിന്‍റെ ക്രയശേഷി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതായിരിക്കും കെടിഎക്സ് 2024 ഉച്ചകോടി. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച്‌ 2 വരെ കാലിക്കറ്റ് ട്രേഡ് സെന്‍ററിലാണ് പരിപാടി. കോഴിക്കോട് സൈബര്‍ പാര്‍ക്ക് അടക്കം ഒമ്പത് പ്രമുഖ അക്കാദമിക്-വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷന്‍ & ടെക്നോളജി ഇനിഷ്യേറ്റീവ്) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആറായിരത്തിലധികം പ്രതിനിധികള്‍, 200 ലേറെ പ്രദര്‍ശന സ്റ്റാളുകള്‍, രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച 100 ലേറെ പ്രഭാഷകര്‍ തുടങ്ങിയവര്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.രാജ്യത്തെ രണ്ട്, മൂന്ന് നിര നഗരങ്ങളില്‍ ഐടി അധിഷ്ഠിത ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും പറ്റിയത് കോഴിക്കോടാണെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഐടി നഗരമെന്ന നിലയ്ക്ക് കോഴിക്കോട് സ്വയം മുന്നോട്ടു വയ്ക്കുന്ന മേന്മകള്‍, വ്യവസായ സമൂഹത്തിന്‍റെ പിന്തുണ, വികസനത്തിനുള്ള സാധ്യതകള്‍ എന്നിവയെല്ലാം കെടിഎക്സ് 2024 ന്‍റെ പ്രത്യേകതയാണ്. ഐടി അധിഷ്ഠിത വ്യവസായത്തിലെ നിക്ഷേപ പദ്ധതിയുമായി വരുന്നവര്‍ക്ക് എന്തു കൊണ്ട് കോഴിക്കോട് എന്ന ചോദ്യത്തിന്‍റെ പ്രധാന ഉത്തരമാകും കെടിഎക്സ് 2024.

കേരളത്തിലെ ഐടി വ്യവസായത്തെ സംബന്ധിച്ചിടത്തോളം മലബാര്‍ വളരെ പ്രധാനപ്പെട്ട മേഖലയാണെന്ന് ഐടി സെക്രട്ടറി രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഐടി വ്യവസായമേഖലയില്‍ ടയര്‍ രണ്ട്, മൂന്ന് വിഭാഗങ്ങളിലെ നഗരങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം കൈവരുന്ന അവസരമാണിത്. പരമ്പരാഗത മെട്രോപോളിസുകള്‍ക്ക് മാത്രം സ്വന്തമായിരുന്ന ഐടി വികസനത്തില്‍ നിന്നും വ്യവസായ ലോകം മാറി ചിന്തിക്കുകയാണ്. ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഡിജിറ്റല്‍ ആന്‍ഡ് ഇനൊവേഷന്‍ ഹബ് എന്ന നിലയില്‍ ആഗോള ബിസിനസ് ഭൂപടത്തില്‍ കോഴിക്കോട് സ്ഥാനമുറപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മലബാറിന്‍റെ ഐടി വികസനവുമായി ബന്ധപ്പെട്ട് ഒമ്പത് സ്ഥാപനങ്ങള്‍ ഒത്തു ചേര്‍ന്നാണ് കെടിഎക്സ് 2024 നടത്താനുള്ള കാലിക്കറ്റ് ഇനോവേഷന്‍ ആന്‍ഡ് ടെക്നോളജി ഇനിഷ്യേറ്റീവ് എന്ന സൊസൈറ്റിക്ക് രൂപം നല്‍കിയതെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട.) സഞ്ജീവ് നായര്‍ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലെ മുന്‍നിര പ്രഭാഷകരെയും 6000 ലധികം പ്രൊഫഷണലുകളെയും കോഴിക്കോട് പോലുള്ള നഗരത്തില്‍ ഒന്നിച്ചു ചേര്‍ത്തതില്‍ ഇവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. എഐ, മെഷീന്‍ ലേണിംഗ്, എആര്‍/വിആര്‍ മെറ്റാവേഴ്സ്, സ്റ്റാര്‍ട്ടപ്പുകള്‍, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിലും കെടിഎക്സ് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും ഐടി മേഖലയിലെ സുപ്രധാന സഹകരണത്തിന് കെടിഎക്സ് 2024 നാന്ദി കുറിക്കുമെന്ന് കോഴിക്കോട് സൈബര്‍പാര്‍ക്കിന്‍റെയും ഇന്‍ഫോപാര്‍ക്ക് കൊച്ചിയുടെയും സിഇഒയായ സുശാന്ത് കുറുന്തില്‍ പറഞ്ഞു. പരമ്പരാഗത എക്സ്പോയ്ക്കപ്പുറം, കോഴിക്കോട്ടും മലബാര്‍ മേഖലയെക്കുറിച്ചും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് സമഗ്രമായ ധാരണ നല്‍കുന്ന ഒരു ആഗോള ഇന്‍സൈറ്റ് ഹബ്ബായി ഇത് മാറും. ഈ മേഖലയിലെ പ്രാദേശിക ബിസിനസ്സ് സ്ഥാപനങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ വാഗ്ദാനം ചെയ്യുന്ന വേദിയായും കെടിഎക്സ് മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍കൈ എടുത്ത്, കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (സിഎഎഫ്‌ഐടി), ഐഐഎം കോഴിക്കോട്, എന്‍ഐടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍), കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്)- കേരള, കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ (സിഎംഎ), യുഎല്‍ സൈബര്‍ പാര്‍ക്ക്, കോഴിക്കോട് (യുഎല്‍സിസി), ഗവണ്‍മെന്‍റ് സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിങ്ങനെ പ്രമുഖ പ്രൈവറ്റ്, ഗവണ്‍മെന്‍റ് സ്ഥാപനങ്ങളുടെ ഭാഗമായ ഒരു രജിസ്റ്റഡ് സൊസൈറ്റിയാണ് സിഐടിഐ 2.0.

സീമെന്‍സ്, ടാറ്റ എല്‍ക്സി, യുബര്‍, ആമസോണ്‍ പേ, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്, ട്രസ്റ്റോണിക് ഇന്ത്യ, സഫിന്‍, ടെറുമോ പെന്‍പോള്‍, വോണ്യൂ. ഐഐഎം കോഴിക്കോട്, ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ – എന്‍ഐടി കോഴിക്കോട്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള നോളഡ്ജ് മിഷന്‍, മലബാര്‍ എയ്ഞ്ജല്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളും പ്രമുഖ കമ്പനികളില്‍ നിന്നുള്ള മറ്റ് പ്രമുഖരും സാങ്കേതിക രംഗത്തെ പ്രഗത്ഭരും ഉച്ചകോടിയില്‍ പങ്കെടുക്കും.

വാഹന പുക പരിശോധന നടത്തിയില്ലെങ്കില്‍ ഇനി കുടുങ്ങും; വ്യാജന്മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ആപ്പ്

0

തിരുവനന്തപുരം: വാഹന പുക പരിശോധനയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ പൂട്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് തടയാന്‍ ‘പൊലൂഷന്‍ ടെസ്റ്റിംഗ് വിത്ത് ജിയോ ടാഗിംഗ്’ എന്ന പേരിലുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ് മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോയും ഇനി മുതല്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ പരിശോധന നടത്താന്‍ കഴിയൂ. വാഹന പുക പരിശോധനകേന്ദ്രം രജിസ്റ്റര്‍ ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ നിന്നാണ് വാഹനത്തിന്റെ ഫോട്ടോ എടുക്കേണ്ടത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി.വാഹനങ്ങളുടെ മുഴുവന്‍ വിവരങ്ങളും ആപ്പ് മുഖേന മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുന്നതാണ്.

ഒരു കേന്ദ്രത്തിലെ മൂന്ന് ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാകും. വാഹന പുക പരിശോധന കേന്ദ്രം നടത്തിപ്പുകാര്‍ അതത് ജില്ലയിലെ ആര്‍ടിഒയ്ക്ക് മുമ്പാകെ ഫോണ്‍ ഹാജരാക്കിയാല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നതാണ്. പുക പരിശോധനയ്ക്കായി വാഹനം എത്തിക്കാതെ, നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ചുനല്‍കി സര്‍ട്ടിഫിക്കറ്റ് നേടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ തീരുമാനം.