spot_img
Saturday, June 20, 2026
Home Blog Page 75

ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് ഹണി ട്രാപ്പ് സംഘം

0

കൊച്ചി കടവന്ത്രയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പ് സംഘം ക്രൂരമായി മര്‍ദിച്ചു. യുവതി ഉള്‍പ്പെടെ നാലംഗ സംഘമാണ് അമല്‍ ദേവ് എന്ന യുവാവിനെ മര്‍ദിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വാരിയെല്ല് ഒടിഞ്ഞ അമല്‍ദേവ് ചികിത്സയിലാണ്. രണ്ട് പ്രതികളെ പൊലീസ് പിടികൂടി

നിലവില്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ് അമല്‍ ദേവ്. അമല്‍ദേവിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി. ഒന്നാം പ്രതി സഫ്‌നയാണ് അമലിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും യുവാവ് വഴങ്ങാതെ വന്നതോടെ ഹണി ട്രാപ്പ് പ്ലാന്‍ പൊളിഞ്ഞതിലുള്ള വൈരാഗ്യത്തില്‍ പ്രതികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. കേസില്‍ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് ഇന്നലെ രാത്രി പിടികൂടി. അമല്‍ ദേവിന് സംസാര ശേഷിയില്ല.

വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; മൃതദേഹത്തിൽ മുറിപ്പാടുകൾ

0

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് മരിച്ചത്.പെൺകുട്ടി മരിച്ച ദിവസം മാതാപിതാക്കൾ പ്രദേശത്തുള്ള അമ്പലത്തിൽ ഉത്സവത്തിനു പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹത്തിൽ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഗുരുദേവ കോളജ് വിദ്യാർഥിയാണ് ശ്രീ നന്ദ. സ്കൂൾ യൂനിഫോമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തിൽ ഒരു വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

0

കൊച്ചി: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബജീവിതം തകര്‍ക്കുമെന്ന് സുധ പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തില്‍ കെവി ഷാജി പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മണിക്കൂറുകള്‍ക്കുള്ളിലാണ് പിടിയിലായത്.സംഭവത്തില്‍ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മര്‍ദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഷാജിയും സുധയും ഏറെനാള്‍ സൗഹൃദത്തിലായിരുന്നുവെന്നും തന്റെ കുടുംബം തകര്‍ക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനല്‍കി

സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റെയില്‍വേപാലത്തിനടുത്തേക്ക് നടന്നു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോണ്‍ സുധ എടുത്തെറിഞ്ഞു. ഇതില്‍ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുധ തെറിച്ചു വീണത് തൊട്ടടുത്തുള്ള കരിങ്കല്ലിലേക്കായിരുന്നു. കരിങ്കല്ലില്‍ തലയിടിച്ച് ചോരവാര്‍ന്നു തുടങ്ങിയതോടെ സുധ കരയാന്‍ തുടങ്ങി. ഈ സമയത്ത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ ഷാജി സുധയുടെ മുഖത്ത് അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് സുധയുടെ ശരീരം റെയില്‍വേ പാളത്തില്‍ കൊണ്ടുപോയി ഇട്ടത്.എന്നാല്‍ ട്രെയിന്‍ ഓടാത്ത പാളമായിരുന്നു ഇതെന്നതിനാല്‍ കൊലപാതകമാണെന്നു പൊലീസിന് വ്യക്തമായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുന്‍ ജീവനക്കാരിയായ അശ്വതി വഴിയാണു മകള്‍ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിനു സമീപത്തു നിന്നു മൊബൈല്‍ ഫോണ്‍ ലഭിച്ചതും നിര്‍ണായകമായി. ഷാജി നടന്നുവരുന്നതും ഷര്‍ട്ടില്‍ രക്തംപറ്റിയതും സിസിടിവിയില്‍ ഉണ്ടായിരുന്നു. ഇവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ തിരിച്ചറിഞ്ഞു പ്രതിയിലേക്കു പൊലീസ് എത്തിയത്

നിർദ്ദേശങ്ങൾ പാലിക്കും,ഡാറ്റ പങ്കിടില്ല; വാട്സ്ആപ്പ് സുപ്രീംകോടതിയിൽ

0

ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്. ഡാറ്റ പങ്കിടുന്നതിന് മുമ്പ് മെറ്റയുടെ
കീഴിലുള്ള കമ്പനികൾ ഉപയോക്താക്കളിൽ നിന്ന് സമ്മതം തേടുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.

നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഡാറ്റകൾ പങ്കിടുന്നതിനായി ഒരു പദ്ധതി രൂപീകരിക്കുമെന്നും അവർ കോടതിയെ അറിയിച്ചു. കൂടാതെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നിർദ്ദേശങ്ങൾ പാലിക്കാമെന്നും, മാർച്ച് 16 നകം NCLAT യുടെ നിർദ്ദേശം പാലിച്ച് റിപ്പോർട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് സമർപ്പിക്കുമെന്നും വാട്ട്‌സ്ആപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കോടതിയിൽ മെറ്റ നൽകിയ ഉറപ്പുകൾ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയെ സംബന്ധിച്ച് നിയന്ത്രങ്ങൾ നൽകും. കൂടുതൽ സുരക്ഷാ ഉറപ്പാക്കാനും ഇത് സഹായിക്കും. വാട്സ്ആപ്പിന്റെയും മാതൃ കമ്പനിയായ മെറ്റയുടെയും ഡാറ്റ പങ്കിടലുമായി സംബന്ധിച്ച ചർച്ചകൾ വളരെക്കാലമായി ഇന്ത്യയിലെ സുപ്രീം കോടതിയിൽ നടന്ന് വരികയാണ്. 2021-ൽ ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യതാ നയത്തിൽ വരുത്തിയ മാറ്റങ്ങളാണ് കേസിന് കാരണമായി മാറിയത്.

ദിവസങ്ങളായി കേസിൽ വാദം തുടരുകയാണ്. വാദം കേൾകുന്നതിനിടെ മെറ്റയ്‌ക്കെതിരെ സുപ്രിം കോടതി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകണമെന്നും കോടതി താകീത് നൽകിയിരുന്നു. ഉപയോക്താക്കളുടെ താത്പര്യങ്ങളും സ്വഭാവവും അഭിരുചിയും വിശകലനം ചെയ്ത് ഇവ പരസ്യത്തിനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി പങ്കുവയ്ക്കുന്നത് അവകാശലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വീണ്ടും പവന് 1,18,000 കടന്നു! സ്വർണവിലയിൽ ചാഞ്ചാട്ടം തുരുന്നു.

0

സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണവില ഉയർന്നു. പവന് ഇന്ന് രാവിലെ 1,120 രൂപയാണ് ഉയർന്നത്. ഇതോടെ വീണ്ടും സ്വർണവില 1,18,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 118,640 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം.

ഇന്നലെ രാവിലെ പവന് 1,520 രൂപ കൂടിയിരുന്നു. എന്നാൽ വൈകുന്നേരം സ്വർണവില കുറഞ്ഞു. 800 രൂപ കുറഞ്ഞതോടെ സ്വർണവില 1,17,000 ത്തിന് താഴെയെത്തി. ശനിയാഴ്ച രാവിലെ 800 രൂപ കുറഞ്ഞെങ്കിലും ഉച്ച്യ്ക്ക് 880 രൂപ ഉയർന്നിരുന്നു. ഇത്തരത്തിൽ സ്വർണവില വിപണിയിൽ ചാഞ്ചാട്ടം പ്രകടമാണ്. . യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കും. വില ഒരു ലക്ഷത്തിന് മുകളിൽ എത്തിയതോടെ ആഭ്യന്തര വിപണിയിൽ നിന്നും സാധാരണ ഉപഭോക്താക്കൾ പിൻവാങ്ങിയിരുന്നു. വില ഇനിയും കൂടുമെന്നുള്ള ആശങ്ക വിവാഹ വിപണിയിലും ഉണ്ട്.

അതേസമയം, വില വർദ്ധനവ് നീരീക്ഷിക്കുന്നുണ്ടെന്ന് ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ സീസണുകളിൽ സ്വർണവിലയിൽ വർധനവ് സാധാരണമാണെന്നും എന്നാൽ വില ഒരു നിശ്ചിത പരിധിക്ക് അപ്പുറം പോയിട്ടില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14830 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 12185 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9485 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6115 രൂപ. ഇന്ത്യയിൽ വെള്ളി വിലയിൽ കുതിപ്പ് രേഖപ്പെടുത്തി. ഇന്ത്യയിൽ വെള്ളി വില ഗ്രാമിന് 285 രൂപയായും കിലോഗ്രാമിന് 2,85,000 രൂപയായും കുറഞ്ഞു.

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി

0

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടത്തിൽ മരണം 4 ആയി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്. നട്ടെല്ലിനും, തലക്കും ഗുരുതര പരിക്കേറ്റിരുന്നു

കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന ജബ്ബാര്‍, ബഷീര്‍, അഷ്റഫ്, വിനോദ് എന്നീ തൊഴിലാളികളാണ് കോണ്‍ക്രീറ്റ് പാളികള്‍ ശരീരത്തില്‍ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ 11.30 ഓടെയാണ് കോഴിക്കോട് വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്ളാബുകള്‍ തകര്‍ന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു.

ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്ളാബുകളും പതിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയില്‍ പെട്ട മൂന്ന് പേരെ ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് പുറത്തെടുത്തത്.

അപകടാവസ്ഥയിലുളള കെട്ടിടങ്ങളുളള പട്ടികയിലുളള ഈ കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കോര്‍പറേഷന്‍ അധികാരികളാണ് അപകടത്തിന് പ്രധാന ഉത്തരവാദികള്‍ എന്ന് യുഡിഎഫും എന്‍ഡിഎയും ആരോപിച്ചു.

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ മരിച്ചു

0

കോഴിക്കോട്: വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അടിയില്‍ കുടുങ്ങിക്കിടന്ന അഞ്ചുപേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്

ഇന്ന് രാവിലെയാണ് സംഭവം. കാലപഴക്കം വന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഇത് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ നീണ്ടകാലമായി ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഗോഡൗണ്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ വരുന്ന സാധന സാമഗ്രികള്‍ മാറ്റുന്നതിനായി നിന്ന തൊഴിലാളികളുടെ മുകളിലേക്കാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്.പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. ഇതിന് 70 വര്‍ഷത്തിലേറെ കാലപഴക്കം ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു

20 കിലോ മീറ്റര്‍ ഓടിത്തീര്‍ത്ത് മിലിന്ദ് സോമന്‍; ഹില്‍ ഹൈവേ റണ്ണിന് വന്‍ ജന പങ്കാളിത്തം

0

കട്ടപ്പന: മലയോര ഹൈവേയുടെ കുട്ടിക്കാനം-കട്ടപ്പന പാതയുടെ പാതയുടെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഹില്‍ ഹൈവേ റണ്‍’ ആവേശകരമായി സമാപിച്ചു. ബോളിവുഡ് താരവും പ്രശസ്ത ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്‍ നയിച്ച കൂട്ടയോട്ടത്തില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്.

കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുട്ടിക്കാനം ചപ്പാത്ത്- കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ പ്രചാരണാര്‍ഥമായാണ് ഹില്‍ ഹൈവേ റണ്‍ സംഘടിപ്പിച്ചത്. പീരുമേട് ദേവികുളം മലയോര ഹൈവേയുടെ ഭാഗമാണ് കുട്ടിക്കാനം-കട്ടപ്പന പാത. കുട്ടിക്കാനം മരിയന്‍ കോളേജില്‍ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ രാവിലെ ഏഴിന് ഫ്‌ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം ഹൈവേയുടെ ഗുണനിലവാരവും മലനാടിന്റെ സൗന്ദര്യവും വിളിച്ചോതി ചപ്പാത്തില്‍ സമാപിച്ചു. 20 കിലോ മീറ്ററായിരുന്നു ദൂരമാണ് മിലിന്ദ് സോമന്‍ നയിച്ച സംഘം ഓടിത്തീര്‍ത്തത്.

വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവരും ‘ഹില്‍ ഹൈവേ റണ്ണില്‍ അണിനിരന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘവും ആംബുലന്‍സും യാത്രയിലുടനീളം ഉണ്ടായിരുന്നു. ഓട്ടത്തില്‍ പങ്കെടുക്കാന്‍ 2000ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മനോഹരമായ ഹൈവേ ആണെന്നും ഓട്ടം നന്നായി ആസ്വദിച്ചുവെന്നും മിലിന്ദ് സോമന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ എല്ലാ മരത്തോണ്‍ ഓട്ടക്കാരും ഇടുക്കി ഹൈവേയില്‍ ഓടാന്‍ എത്തണമെന്നും മിലിന്ദ് സോമന്‍ പ്രതികരിച്ചു.ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ചപ്പാത്തില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ‘മലയോര തുരങ്കപാത’യുടെ പ്രഖ്യാപനം മന്ത്രി കെഎന്‍ ബാലഗോപാല്‍ നടത്തി.

1.5 ജിബി ഡാറ്റ പ്ലാനുകളില്‍ ഏതാണ് ഏറ്റവും മികച്ചത്? ബിഎസ്എന്‍എല്‍, ജിയോ, എയർടെൽ റീചാര്‍ജ് പ്ലാനുകള്‍ തമ്മിലൊരു താരതമ്യം

0

1.5 GB ഡാറ്റ പ്ലാനുകൾ

ഇന്ത്യയിൽ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) തുടങ്ങിയ സ്വകാര്യ കമ്പനികളും സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലും ടെലികോം സേവനങ്ങൾ നൽകുന്നുണ്ട്. ഇതിൽ ജിയോയും എയർടെലുമാണ് ഈ രംഗത്തെ ഏറ്റവും വലിയ രണ്ട് കമ്പനികൾ. തൊട്ടുപിന്നാലെ വോഡഫോണുമുണ്ട്. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിലാണ് പ്ലാനുകൾ നൽകുന്നത്.

ബിഎസ്എൻഎൽ 1.5 ജിബി ഡാറ്റ പ്ലാൻ

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞത് ആരുടേതാണെന്ന് നോക്കാം. ബിഎസ്എൻഎൽ 141 രൂപയ്ക്ക് 30 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 200 എസ്എംഎസും ഉൾപ്പെടുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 1.5 ജിബി റീചാർജ് പ്ലാൻ ഇതാണ്. അടിസ്ഥാന ഇന്റർനെറ്റ് സേവനങ്ങൾ മാത്രം ആവശ്യമുള്ളവർക്ക് ഇത് വളരെ അനുയോജ്യമാണ്.

ജിയോയുടെ പ്ലാൻ എങ്ങനെ?

റിലയൻസ് ജിയോ 299 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നു. ഇതിൽ അൺലിമിറ്റഡ് കോളുകൾ, എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയും ലഭിക്കും. വീഡിയോ കോളുകൾ, ഓൺലൈൻ ക്ലാസുകൾ, സോഷ്യൽ മീഡിയ എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ മികച്ചതാണ്. ജിയോയുടെ നെറ്റ്‌വർക്കിന് വേഗത കൂടുതലായതുകൊണ്ടും 5ജി സേവനം ലഭിക്കുന്നതുകൊണ്ടും ഇതൊരു നല്ല ഓപ്ഷനാണ്.

എയർടെൽ, വോഡഫോൺ പ്ലാനുകൾ

എയർടെൽ 349 രൂപയുടെ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും നൽകുന്നു. ഇതിൽ ഒടിടി ആനുകൂല്യങ്ങളും ചില നഗരങ്ങളിൽ അൺലിമിറ്റഡ് 5ജി സേവനവും ഉൾപ്പെടുന്നു. വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റർനെറ്റ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ വളരെ അനുയോജ്യമാണ്. വോഡഫോൺ ഐഡിയ (Vi) 208 രൂപയ്ക്ക് 30 ദിവസത്തേക്ക് 1.5 ജിബി ഡാറ്റ നൽകുന്നുണ്ട്. എന്നാൽ ഇതിൽ അൺലിമിറ്റഡ് കോളുകൾ ലഭിക്കില്ല. നിലവിൽ വി പ്ലാൻ ഉള്ളവർക്ക് അധിക ഡാറ്റയ്ക്കായി മാത്രം ഉപയോഗിക്കാവുന്ന ഒരു പ്ലാനാണിത്.

60ാമത്തെ വയസിൽ ഓടാനെരുങ്ങുന്നത് 22 കിലോമീറ്റർ; ആരാണ് കേരളത്തിന്‍റെ മലയോര ഹൈവേ കീഴടക്കാനെത്തുന്ന മിലിന്ദ് സോമൻ?

0

കേരളത്തിന്‍റെ മലയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പുതുതായി നിർമ്മിച്ച പാതകളുടെ സവിശേഷതകൾ ലോകശ്രദ്ധയിൽ എത്തിക്കുന്നതിനും സർക്കാർ ചുമതലേൽപ്പിച്ചത് ഒരു അറുപതുകാരൻ സെലിബ്രിറ്റിയെയാണ് എന്നറിഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചിട്ടുണ്ടാകും. എന്നാൽ, വരുന്നത് ഒരു അഡാർ, ഐറ്റമാണ്; പേര് മിലിന്ദ് ഉഷ സോമൻ. പ്രായക്കൂടുതലൊന്നും 22 കിലോമീറ്ററുകൾ ഓടിക്കയറുന്നതിൽ നിന്നും അദ്ദേഹത്തെ തടയില്ലെന്ന് ആളെ പരിചയമുള്ളവർക്ക് അറിയാം.

ഇന്ത്യൻ ഗ്ലാമർ രംഗത്തെ അറിയപ്പെടുന്ന മോഡലും നടനും ഫിലിം പ്രൊഡ്യൂസറും കായികതാരവുമാണ് മിലിന്ദ് സോമൻ. സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ഒരു മറാത്തി കുടുംബത്തിൽ ജനിച്ച അദ്ദേഹം കായികലോകത്തേക്ക് ചുവടുവെക്കുമ്പോൾ വയസ് വെറും ആറ്. ആറാം വയസ്സുമുതൽ നീന്തൽ പരിശീലിച്ച മിലിന്ദ് സോമൻ 1984-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെള്ളി മെഡൽ നേടിയിട്ടുണ്ട്.

2015-ൽ ആദ്യത്തെ ശ്രമത്തിൽ തന്നെ ‘അയൺമാൻ’ (Ironman) ചലഞ്ച് 15 മണിക്കൂർ 19 മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. കൂടാതെ, 30 ദിവസത്തിനുള്ളിൽ 1500 കിലോമീറ്റർ ഓടി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.

1995-ൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ (Made in India) എന്ന മ്യൂസിക് വീഡിയോയിലൂടെ അദ്ദേഹം അഭിനയ രംഗത്തും അദ്ദേഹം ശ്രദ്ധേയനായി. ‘എ മൗത്ത്ഫുൾ ഓഫ് സ്കൈ’, ‘ക്യാപ്റ്റൻ വ്യോം’, ‘സീ ഹോക്സ്’, ‘ബാജിറാവു മസ്താനി’ , ‘ഡിസംബർ 16’, ‘എമർജൻസി’ അടക്കമുള്ള ടിവി പരമ്പരകളിലും സിനിമകളിലും മിലിന്ദ് ശ്രദ്ധേയവേഷങ്ങൾ ചെയ്തു. സിനിമകൾ കൂടാതെ നിവര്ധി പരസ്യങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നസുമായി ബന്ധപ്പെട്ട വ്യവസായ മേഖലകളിലും സാന്നിധ്യമറിയിച്ച വ്യക്തിയാണ് മിലിന്ദ്സോമൻ.

ഫെബ്രുവരി 22-നാണ് 22 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഹിൽ ഹൈവേ റൺ’ നടക്കുന്നത്. ഇടുക്കിയിലെ കുട്ടിക്കാനം മുതൽ കട്ടപ്പന വരെയുള്ള മലയോര ഹൈവേയിലാണ് ഈ മെഗാ മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. കിഫ്‌ബി വഴി ഏകദേശം134.4 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനികമായ ഈ ഹൈവേ നിർമ്മിച്ചിരിക്കുന്നത്.