spot_img
Friday, August 7, 2026
Home Blog Page 9

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോ​ഗിക്ക് കൂട്ടിരിപ്പിനെത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ

0

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഹാഷിഷ് ഓയിലുമായി യുവതിയെ പിടികൂടി. c. പ്രസവ വാര്‍ഡില്‍ കൂട്ടിരിപ്പ് ജോലിക്കായി വന്നതാണ് യുവതി. വെളിച്ചെണ്ണ കുപ്പിക്ക് അകത്താണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്.യുവതിയെ സംശയം തോന്നിയ മറ്റുള്ളവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് കൈമാറാനാണ് ഹാഷിഷ് ഓയിലെന്നാണ് യുവതി പോലീസ്‌ന് മൊഴി നല്‍കി.

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാന വ്യാപക പരിശോധനകളിൽ 51 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് 8773 ആയി.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തിനും വിപണനത്തിനുമെതിരെ പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകൾ ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ വ്യാപക പരിശോധനകളിൽ 47 കേസുകളിലായി 51 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പദ്ധതി ആരംഭിച്ചതിനു ശേഷം എടുത്ത ആകെ കേസുകളുടെ എണ്ണം 8,157 ആയി ഉയർന്നതായി പോലീസ് ആസ്ഥാനത്തുനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 8,773 പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.​പരിശോധനകളിൽ വൻതോതിലുള്ള ലഹരിവസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്.

ഇതുവരെയായി 6,657.666 ഗ്രാം എം.ഡി.എം.എ, 743.856 കിലോഗ്രാം കഞ്ചാവ്, 266.1209 ഗ്രാം മെത്താംഫെറ്റമിൻ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.​കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ലഹരിവസ്തുക്കൾ ചെറിയ അളവിൽ (സ്മാൾ ക്വാണ്ടിറ്റി) കൈവശം വച്ചതിന് 16 കേസുകളും, ഇടത്തരം അളവിൽ (മീഡിയം ക്വാണ്ടിറ്റി) സൂക്ഷിച്ചതിന് ഒരു കേസും ഉൾപ്പെടുന്നു. കൂടാതെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം 30 കേസുകളും കോട്പ (COTPA) നിയമപ്രകാരം 30 കേസുകളും എടുത്തു. ഇവരിൽ നിന്ന് 0.150 ഗ്രാം എം.ഡി.എം.എ, 4.988 കിലോഗ്രാം കഞ്ചാവ്, 0.510 ഗ്രാം മെത്താംഫെറ്റമിൻ എന്നിവയും കണ്ടെടുത്തു.​ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സജീവമാണ്. കഴിഞ്ഞ ദിവസം മാത്രം 63 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതോടെ ആകെ ബോധവൽക്കരണ ക്ലാസുകൾ 8,138 ഉം കൗൺസിലിംഗുകൾ 453 ഉം ആയി. സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,012 ബോധവൽക്കരണ പരിപാടികളും പൂർത്തിയാക്കിയിട്ടുണ്ട്.​ലഹരി വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിനെ നേരിട്ടോ വാട്സ്ആപ്പ് വഴിയോ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ മേൽവിലാസം തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകൾ: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

0

തിരുവനന്തപുരം:സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രതാ പാലിക്കുക. ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ “100% പ്രോഫിറ്റ് “, “ഗ്യാരണ്ടീഡ് റിട്ടേൺസ്‌ “, “പ്രീമിയം ഐ പി ഓ അലോട്ട്മെന്റ് ” തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ലിങ്കുകൾ വഴി വാട്സ് ആപ്പ് , ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ഇവർ, ‘ഇൻവെസ്റ്റ്മെന്റ് മെന്റർ’, ‘ഫിനാൻഷ്യൽ അനലിസ്റ്റ് ‘ എന്നീ വ്യാജ പേരുകളിൽ ദിവസേന ട്രേഡിംഗ് ക്ലാസുകളും ടിപ്പുകളും നൽകി വിശ്വാസ്യത നേടിയെടുക്കുന്നു. തുടക്കത്തിൽ സ്വന്തം ഡീമാറ്റ് അക്കൗണ്ട് വഴി ചെറിയ ലാഭം ഉണ്ടാക്കിക്കൊടുത്ത് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരണ നൽകുകയാണ് ഇവരുടെ രീതി.

​തുടർന്ന്, കുറഞ്ഞ വിലയിൽ സ്റ്റോക്കുകളും ഐ പി ഓ -കളും വാഗ്ദാനം ചെയ്ത് പ്രമുഖ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ ട്രേഡിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയും ‘ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ട് ‘ അല്ലെങ്കിൽ ‘വി ഐ പി ട്രേഡിങ്ങ് അക്കൗണ്ട് ‘ എന്ന പേരിൽ യു.പി.ഐ , ഐ.എം.പി.എസ്, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി തുടങ്ങിയ മാർഗങ്ങളിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെടുന്നു. നിക്ഷേപിച്ച തുകയും വ്യാജമായി ഉണ്ടാക്കിയ ലാഭവും ആപ്പുകളിൽ കാണിക്കുന്നതിനാൽ ഇരകൾക്ക് സംശയം തോന്നാറില്ല. എന്നാൽ, പണം തിരികെ പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഇൻകം ടാക്സ്, സർവീസ് ചാർജ്, വിഡ്രോവൽ ഫീ തുടങ്ങിയ പേരുകളിൽ വീണ്ടും തുക ആവശ്യപ്പെടുകയും ഒടുവിൽ നിക്ഷേപിച്ച തുകയും ലാഭവും നൽകാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിലെ വാഗ്ദാനങ്ങളോ വാട്സ് ആപ്പ് /ടെലിഗ്രാം ഗ്രൂപ്പുകളിലെ നിർദേശങ്ങളോ മാത്രം വിശ്വസിച്ച് പണം നിക്ഷേപിക്കരുത്. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ സെബി (SEBI ) അംഗീകൃത ബ്രോക്കർമാർ വഴിയും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയും മാത്രം നടത്തുക. അജ്ഞാത ആപ്പുകളിലോ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലോ പണം അയയ്ക്കുന്നതും പണം പിൻവലിക്കാൻ വീണ്ടും തുക നൽകുന്നതും പൂർണ്ണമായും ഒഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി ചേർന്ന് സംയുക്ത കർമ്മപദ്ധതി: സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:വിവിധ തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി വിവിധ ബാങ്കുകളുമായി ചേർന്ന് സംയുക്ത കർമ്മ പരിപാടി നടപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനായി സംസ്ഥാന സൈബർ വിഭാഗവും വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ പ്രതിനിധികളും പങ്കെടുത്ത സംസ്ഥാനതല ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പണം നഷ്‌ടപ്പെടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കി അവർക്ക് നീതി ഉറപ്പാക്കുന്നതരത്തിലായിരിക്കും നടപടികൾ. സൈബർ ക്രൈമുകൾ നിരീക്ഷിക്കുന്നതിനും, പരാതികൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി പോലീസിൻ്റെയും ബാങ്കുകളുടേയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ജോയിൻ്റ് സൈബർ കമ്മിറ്റിയ്ക്ക് രൂപം നൽകും. ഇൻഡ്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെൻ്ററിൻ്റെ വ്യവസ്ഥകൾക്കനുസരിച്ചുള്ള എല്ലാവിധ നടപടികളും സ്റ്റേറ്റ് സൈബർ ഡിവിഷൻ സ്വീകരിക്കുമെന്നും പോലീസ് മേധാവി പറഞ്ഞു. സൈബർ ലോകത്ത് ദിനംപ്രതി മാറി വരുന്ന ഡിജിറ്റൽ അറസ്റ്റുപോലെയുള്ള പുതിയ തട്ടിപ്പുകൾ മനസിലാക്കി അതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജോയിൻ്റ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ സൈ ഹണ്ട് (Operation CY HUNT) എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക അന്വേഷണങ്ങളും ഏകോപിത പരിശോധനകളും പുരോഗമിക്കുകയാണ്. തട്ടിപ്പിലൂടെ ലഭിച്ച പണം സ്വീകരിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ (Mule Accounts) കണ്ടെത്തൽ, ബാങ്ക് അക്കൗണ്ടുകളുടെ വിശകലനം, ഡിജിറ്റൽ തെളിവുകളുടെ ശേഖരണം, ബാങ്കുകളുമായും മറ്റ് ഏജൻസികളുമായും ചേർന്നുള്ള അന്വേഷണ പ്രവർത്തനങ്ങൾ എന്നിവയും ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുടെ നിലവിലെ പ്രവണതകളും പ്രതിരോധ മാർഗങ്ങളും, പരാതി പരിഹാര സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗം, തട്ടിപ്പിനിരയായവരുടെ പണം വീണ്ടെടുക്കുന്നതിനുള്ള ഏകോപിത നടപടികൾ, സംശയാസ്പദമായ ഇടപാടുകൾ, മ്യൂൾ അക്കൗണ്ടുകൾ എന്നിവ നേരത്തേ കണ്ടെത്തുന്നതിൽ ബാങ്കുകളുടെ പങ്ക്, പൊതുജനങ്ങളിൽ സൈബർ സുരക്ഷാ അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ വിവിധ വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.ക്രമസമാധ ചുമതലയുള്ള എ.ഡി.ജി.പി. പി വിജയൻ, സ്റ്റേറ്റ് ക്രൈം റിക്കോർഡ്‌സ് ബ്യൂറോ ഐ.ജി. പി. പ്രകാശ്, ജയ്ദേവ് ജി എ.ഐ.ജി പോലീസ് ആസ്ഥാനം, സൈബർ ഓപ്പറേഷൻഎസ്.പി. അങ്കിത് അശോകൻ, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

പൊതുപരീക്ഷ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസാക്കി

0

ന്യൂഡല്‍ഹി: പൊതുപരീക്ഷ ഭേദഗതി ബില്ല് ശബ്ദവോട്ടോടെ ലോക്‌സഭയില്‍ പാസാക്കി. നാളെ രാജ്യസഭയില്‍ ബില്ല് ചര്‍ച്ചയ്‌ക്കെത്തും. ബില്ലിന്മേലുള്ള ചര്‍ച്ചയിലുടനീളം സഭയില്‍ ഭരണ-പ്രതിപക്ഷം കടുത്ത വാക്‌പോരാണ് നടത്തിയത്.ബില്ല് പ്രകാരം, നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണങ്ങള്‍ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ടവര്‍ക്കെതിരേ കൂടുതല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കും.നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണം. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ദിവസേന വിചാരണ നടത്തി കേസ് തീര്‍പ്പാക്കണമെന്നും ബില്ലില്‍ പറയുന്നു.കുറ്റം സംഘടിതമായി നടത്തിയതാണെന്ന് തെളിഞ്ഞാല്‍, കുറഞ്ഞത് ഏഴുവര്‍ഷത്തെ തടവുശിക്ഷയും 10 കോടി രൂപ വരെ പിഴയുമാണ് ബില്ല് നിര്‍ദേശിക്കുന്നത്. കരട് നിയമത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തല്‍, ഒഎംആര്‍. ഷീറ്റുകളില്‍ തിരിമറി നടത്തല്‍, വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ 15 അനധികൃത പ്രവൃത്തികള്‍ കുറ്റകൃത്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.സംഘടിത ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് പരമാവധി പിഴ ഒരുകോടിയില്‍ നിന്ന് 10 കോടിയായി വര്‍ധിപ്പിക്കും. പരീക്ഷാ സേവനദാതാക്കള്‍ക്കും കടുത്ത നടപടി നേരിടേണ്ടി വരും. പരീക്ഷാ തട്ടിപ്പില്‍ പങ്കുള്ള സേവനദാതാക്കള്‍ക്ക് പരമാവധി പിഴ ഒരുകോടിയില്‍ നിന്ന് അഞ്ച് കോടിയായി വര്‍ധിപ്പിക്കും.വ്യക്തികള്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമായിരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്ക് കുറഞ്ഞ തടവുശിക്ഷ മൂന്നു വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി ഉയര്‍ത്തും. പരമാവധി തടവുശിക്ഷ അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി വര്‍ധിപ്പിക്കും.തിങ്കളാഴ്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ബില്ല് അവതരിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് പാസായത്. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദ വോട്ടോടെയാണ് ബില്ല് ലോക്‌സഭ പാസാക്കിയത്. ബില്ല് ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.കോഴിക്കോടും വയനാടും കണ്ണൂരും അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. മഴ ശക്തമാകുമെന്നതിനാല്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മധ്യഛത്തീസ്ഗഢിന്റെയും അതിനോട് ചേര്‍ന്ന വടക്കന്‍ ഓഡീഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ആഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 1 വരെ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

മലബാർ റിവർ ഫെസ്റ്റിവൽ പന്ത്രണ്ടാമത് എഡിഷൻ 2026 ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ

0

കോഴിക്കോട്:കേരളത്തിലെ സാഹസിക ടൂറിസം മേഖലയെ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമാക്കിയ മലബാർ റിവർ ഫെസ്റ്റിവൽ പന്ത്രണ്ടാമത് എഡിഷൻ 2026 ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ .തിരുവമ്പാടി മണ്ഡലത്തിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി (കോഴിക്കോട് പട്ടണത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ) കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളാണ് സംഘടിപ്പിക്കുന്നത്

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി), ജില്ലാപഞ്ചായത്ത് കോഴിക്കോട്, എന്നിവരുടെ സഹകരണത്തോടെ ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ (ഐ.കെ.സി.എ) സാങ്കേതിക സഹായത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരമാണ് മലബാർ റിവർ ഫെസ്റ്റിവൽ. ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിംഗ് എന്ന കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.

വൃദ്ധസദനങ്ങൾ ഇനി സ്‌നേഹാലയം; ഉത്തരവിറക്കി സർക്കാർ.

0

കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്‌നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തി. വൃദ്ധസദനം എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കാൻ ബോധവൽക്കരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു

നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന രേഖകൾ, മറ്റ് ആശയവിനിമയ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ വൃദ്ധസദനം എന്ന പേര് മാറ്റി സ്‌നേഹാലയം എന്നാക്കുന്നതിന് ഭരണപരമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ നിർദ്ദേശിച്ചു.

വൃദ്ധർ എന്ന പേര് മുതിർന്ന പൗരന്മാരിൽ അപകർഷതാ ബോധം ഉണ്ടാക്കുന്ന സാഹചര്യത്തിൽ വർധിക്കുന്ന വയോജന ജനസംഖ്യ പരിഗണിച്ച് വൃദ്ധസദനം എന്ന പേര് മാറ്റി മുതിർന്ന പൗരന്മാരുടെ ഭവനം എന്ന് പുനർനാമകരണം ചെയ്യണമെന്ന പരാതിയിലാണ് ഉത്തരവ്. അടിയന്തര നടപടി സ്വീകരിക്കാൻ കമ്മീഷൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

247/2024/SJD എന്ന സർക്കാർ ഉത്തരവ് പ്രകാരം 2024 ഡിസംബർ രണ്ടിന് വൃദ്ധസദനത്തിന്റെ പേര് സ്‌നേഹാലയം എന്ന് മാറ്റിയതായി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇപ്പോഴും വ്യദ്ധസദനം എന്നാണ് ഉപയോഗിക്കുന്നത്.പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി

രണ്ട് ഗ്രാം എംഡിഎംഎ വഴിത്തിരിവായി; അധ്യാപികമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ; വിദേശത്തും കണ്ണികൾ!

0

വടകര : ഏറെ ചർച്ചയായ വടകര എംഡിഎംഎ കേസിൽ സ്കൂൾ വിദ്യാർഥികൾ ഇരകൾ ആയിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് അധ്യാപികമാർ ഉൾപ്പെടെ അഞ്ചു പേർ ഇതിനകം അറസ്റ്റിലായ കേസിൽ കൂടുതൽ പേർ പിടിയിൽ ആകുമെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയാണ് അധ്യാപികമാരുടെ അക്കൗണ്ടുകളിൽ എത്തിയതെന്നും ഇതേക്കുറിച്ചു വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക്, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറി‍ൻ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചെറുതും വലുതുമായ ഒട്ടേറെ ഇടപാടുകളാണ് അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നടന്നതായി കണ്ടെത്തിയത്. ബിആർസിയിൽ(ബ്ലോക്ക് റിസോഴ്സ് സെന്റർ) നിന്നുള്ള ശമ്പളം അല്ലാതെ മറ്റു വരുമാനം ഇല്ലാത്ത അധ്യാപകരുടെ അക്കൗണ്ടുകളിലാണ് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നത്. ആരാണ്, എന്തിനാണ് ഈ തുകകൾ അയച്ചതെന്ന വിവരം പരിശോധിച്ചു വരികയാണ്.

അധ്യാപികമാർ ഇടനിലക്കാർ ആണോ അതോ കുറ്റകൃത്യവുമായി നേരിട്ടു ബന്ധമുള്ളവർ ആണോ എന്നാണ് പൊലീസ് വിലയിരുത്തുന്നത്. കേസിൽ പിടിയിലായ ഡെലിവറി ബോയ് ആയി പ്രവർത്തിക്കുന്ന യുവാവ് മാത്രം ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകൾ നടത്തിയതായി വ്യക്തമായി. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തി വരുന്ന അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടുകൾ വിലയിരുത്തി നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻടിപിഎസ്)ആക്‌ടിന്റെ കീഴിൽ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിഐജി പറഞ്ഞു.ആറു മാസത്തെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോൾ തന്നെ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടാണ് നടന്നതെന്നു കണ്ടെത്തി. രണ്ടു ഗ്രാം എംഡിഎംഎ മാത്രം പിടിച്ചെടുത്ത കേസിൽ നിന്നുള്ള അന്വേഷണമാണ് ഇത്ര വിപുലമായ ഒരു കേസിലേക്ക് എത്തിയത്. ഓപ്പറേഷൻ തൂഫാൻ തുടങ്ങിയ ശേഷം ചെറിയ കേസുകൾ പോലും വളരെ ഗൗരവത്തിൽ വിലയിരുത്തുന്നതായും അതാണ് ഇത്തരത്തിൽ ലഹരി ശൃംഖലകളുടെ വിവരങ്ങളിലേക്കും എത്താൻ സഹായകരമായതെന്നും ഡിഐജി പറഞ്ഞു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് 180 ദിവസം വരെ ലഭിക്കാറുണ്ട്. സാമ്പത്തിക ഇടപാടുകൾ വിലയിരുത്തുന്നതിന് കൂടുതൽ സമയം വേണ്ടിവരും എന്നതിനാലാണ് ഇത്. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. തുടർ അന്വേഷണത്തിൽ പ്രതികളുടെ മറ്റു സാമ്പത്തിക കാര്യങ്ങൾ വിലയിരുത്തി നിയമനടപടി സ്വീകരിക്കും. പിടിയിലായ ചില പ്രതികൾ ചില വിദേശ നമ്പരുകളിൽ ബന്ധപ്പെട്ടതായും സൂചനയുണ്ട്. ആവശ്യമെങ്കിൽ ഈ നമ്പരുകൾ ഉപയോഗിച്ചവരെയും നാട്ടിലെത്തിച്ച് നടപടി സ്വീകരിക്കും. വിദ്യാർഥികൾക്ക് അധ്യാപികമാർ ലഹരിമരുന്നു നൽകിയതായി രക്ഷിതാക്കളിൽനിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് റൂറൽ എസ്പി മെറിൻ ജോസഫും വെളിപ്പെടുത്തി.കഴിഞ്ഞ മാസം 28 ന് ഓട്ടോറിക്ഷ ഓടിക്കുന്ന സഫ്‌വാനിൽ നിന്ന് 2 ഗ്രാം എംഡിഎംഎ പിടികൂടിയതിനു പിന്നാലെയാണ് കേസിൽ മറ്റുള്ളവരുടെ അറസ്റ്റ് ഉണ്ടായത്. കീർത്തന, കാവ്യ എന്നീ അധ്യാപികമാർ പിടിയിലായ ശേഷം ചൊവ്വാഴ്ച പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ നീഷ്മ (30), വടകരയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) എന്നിവരും പിടിയിൽ ആയിരുന്നു. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 6 മാസത്തിനിടെ 9 ലക്ഷം രൂപയും നീഷ്മയുെട അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടും നടന്നതായാണ് കണ്ടെത്തിയത്. അറസ്റ്റിലായ അധ്യാപികമാരിൽ കീർത്തന നടത്തിവന്ന ബൺ മസ്ക വിൽപനയുടെ ഭാഗമായും ലഹരി വിൽപന നടന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സ്‌കൂളുകളിൽ പഴയ മെനു തിരികെ; ഫ്രൈഡ് റൈസും ബിരിയാണിയും ഇനി നിർബന്ധമില്ല

0

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് വിപുലമായ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള മെനു പരിഷ്കരണത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഫ്രൈഡ് റൈസ്, ബിരിയാണി, മുട്ട അവിയൽ തുടങ്ങിയ പുതിയ രീതികൾക്ക് പകരം ചോറും രണ്ട് കറികളും എന്ന പഴയ ശൈലി തന്നെ തുടരാൻ തീരുമാനിച്ചു.തുച്ഛമായ ഫണ്ട് വിഹിതം കാരണം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പുതിയ മെനു ഭൂരിഭാഗം സ്‌കൂളുകളിലും നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് നടപ്പുവർഷത്തിൽ മെനു നിർബന്ധമാക്കാതെ പഴയരീതിയിലേക്ക് മടങ്ങാൻ അധികൃതർ നിർദേശം നൽകിയത്.ഉച്ചഭക്ഷണ സമിതികൾക്ക് അനുയോജ്യമായ മെനു തിരെഞ്ഞെടുക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു. ചോറിനൊപ്പം നിർബന്ധമായും രണ്ട് കറികളും ആവശ്യത്തിന് പച്ചക്കറികളും പയറുവർഗങ്ങളും ഉണ്ടായിരിക്കണം. ഫണ്ടിന്റെ ലഭ്യതയും കുട്ടികളുടെ താല്പര്യവും അനുസരിച്ച് മീനോ ഇറച്ചിയോ മറ്റ് വിഭവങ്ങളോ ഉൾപ്പെടുത്താൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ട്.