തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ കിറ്റുകളുമായി സപ്ലൈകോ .അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസം മിക്സ് തുടങ്ങി നിരവധി ആവശ്യസാധനങ്ങള്‍ അടങ്ങിയതാണ് ഈ കിറ്റുകള്‍.ഇതില്‍ 1280 രൂപയുടെ സാധനങ്ങള്‍ അടങ്ങിയ അത്തം കിറ്റ് 1000 രൂപയ്ക്കും, 1880 രൂപയുടെ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.കൂടാതെ, 2540 രൂപ വിലവരുന്ന തിരുവോണം കിറ്റ് 2000 രൂപ നിരക്കിലാണ് നല്‍കുന്നത്.ഓണത്തോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സപ്ലൈകോ ഈ ആശ്വാസ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെത്തന്നെ ഇത്തവണയും ഓണച്ചന്തകള്‍ ഉള്‍പ്പെടെയുള്ള വിപണി ഇടപെടലുകള്‍ സപ്ലൈകോയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി; 35 പ്രതികളെ വെറുതെവിട്ടു
കൽപറ്റ : മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു. പൊലീസുകാരൻ അബ്ദുൾ സലാമിനും വനപാലകർക്കും പരുക്കേൽക്കേറ്റ കേസിൽ 4 പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. 1, 3, 5, 11 എന്നീ പ്രതികളാണ് കുറ്റക്കാർ. 23 മുതൽ 57 വരെയുള്ള പ്രതികൾ നിരപരാധികളാണെന്നും കോടതി പറഞ്ഞു. ശിക്ഷ അൽപസമയത്തിനകം പ്രഖ്യാപിക്കും.പൊലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്. വിനോദിനെ കൊലപ്പെടുത്തിയത് രണ്ടാം പ്രതി അശോകനാണ്. ഇയാൾ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ ആയില്ല. വിനോദ് വധത്തിൽ ഗൂഡാലോചനയും തെളിഞ്ഞില്ല.
അതേസമയം, കേസ് നടത്തിപ്പിൽ തൃപ്തിയില്ലെന്ന് മരിച്ച വിനോദിന്റെ കുടുംബം മാധ്യമങ്ങളോടു പറഞ്ഞു.പ്രതികളെ ഹാജരാക്കുന്നതിലും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിലും മരിച്ചവരുടെ വിവരങ്ങൾ ഉറപ്പു വരുത്തുന്നതിലുമുണ്ടായ കാലതാമസം മൂലം കേസ് നീണ്ടുപോയി. എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസിൽ ആകെ 57 പ്രതികളാണുള്ളത്. ഇതിൽ 13 പേർ മരിച്ചു. ഒരാളെ കാണാനില്ല. ഫോറസ്റ്റർ ശശിധരനെ മാരകമായി പരുക്കേൽപ്പിച്ചു, വനത്തിൽ അതിക്രമിച്ചുകയറൽ, കുറ്റകരമായ ഗൂഢാലോചന, പൊലീസുകാരെ പരുക്കേൽപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ ഉൾപ്പെടുത്തി ഒറ്റ കേസാക്കിയതാണു കുറ്റപത്രം. എറണാകുളം സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിനെ തുടർന്നാണ് കൽപറ്റ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. സിബിഐക്കു വേണ്ടി പ്രോസിക്യൂട്ടർ ബോബി ജോസഫ്, പ്രതികൾക്കു വേണ്ടി അഭിഭാഷകരായ ടി.എം.റഷീദ്, വി.ജി.ലൈജു എന്നിവർ ഹാജരായി.
സ്വകാര്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിൽ മയക്കുമരുന്ന്; പരിശോധനകളെ വെട്ടിച്ച് കടന്ന യുവതിയും സുഹൃത്തും ഒടുവിൽ കുടുങ്ങി
കൊച്ചി: എറണാകുളം ഹോട്ടലില്‍ നിന്ന് പിടികൂടിയ സരിതയും ഷാഫിയും എംഡിഎംഎ കടത്തുന്നത് വേറിട്ട രീതിയില്‍. കഴിഞ്ഞ ദിവസമാണ് എംഡിഎംഎ വില്‍ക്കുന്ന ഇവരെ പൊലീസ് പിടികൂടിയത്. സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് കടത്തുകയാണ് സരിത ചെയ്യുന്നത്.ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയില്‍ വീട്ടില്‍ ഷാഫിയും ആലപ്പുഴ സ്വദേശിനി സരിതയുമാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുകയും എറണാകുളത്തേയും ആലപ്പുഴയിലേയും വിവിഡ ലോഡ്ജുകളില്‍ മുറിയെടുത്ത് വില്‍പന നടത്തുകയുമാണ് ഇവരുടെ പതിവ്.
സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളിലാണ് സരിത എംഡിഎംഎ കടത്തിയിരുന്നത്. കപ്പില്‍ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയാണ് സരിത ചെയ്തിരുന്നത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസില്‍ വരുന്ന വഴി കണ്ണൂര്‍ ഇരിട്ടിയില്‍ പരിശോധന നടന്നിരുന്നു. ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്നതിനാല്‍ എക്‌സൈസ് പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. പിന്നീട് ഈ രാസലഹരിയുമായി ഇരുവരും വില്‍പനയ്ക്കായി എറണാകുളത്ത് എത്തുകയായിരുന്നു.
ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. മുമ്പ് ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു ഷാഫി. ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്‌സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്. എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി ഷാഫിയെ ആണ് എക്‌സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്.
എറണാകുളത്തെ മുറിയില്‍ എക്‌സൈസ് പരിശോധന നടക്കുമ്പോള്‍ സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍ക്കാന്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം സരിത തിരിച്ചെത്താന്‍ കാത്തിരുന്നു. എറണാകുളത്ത് എത്തിയ സരിതയെ രാത്രി 10.30 യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടര്‍ന്ന് എക്‌സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. ഇവരില്‍ നിന്നും മൊത്തം 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈല്‍ ഫോണും ലഹരി വില്‍പനയില്‍ നിന്ന് ലഭിച്ച 17,770 രൂപയും എക്‌സൈസ് പിടിച്ചെടുത്തു. എറണാകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഹജ്ജ് 2027: കേരളത്തിൽ അവസരം 11,139 പേർക്ക്.
2027 ലെ ഹജ്ജ് തീർഥാടനത്തിന് കേരളത്തിൽനിന്ന് 11,139 പേർക്ക് അവസരം. 8,175 പേർക്ക് നേരിട്ടും 2,964 പേർക്കും നറുക്കെടുപ്പിലൂടെയുമാണ് അവസരം ലഭിച്ചത്. ശേഷിക്കുന്ന 13,091 പേരെ ഉൾപ്പെടുത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.അവസരം ലഭിച്ചവരുടെയും വെയ്റ്റിങ് ലിസ്റ്റിലുള്ളവരുടേയും കവർ നമ്പർ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഈ വർഷം 24,230 പേരാണ് ഹജ്ജിന് അപേക്ഷിച്ചിരുന്നത്. 65 വയസിനു മുകളിൽ പ്രായമുള്ള പുരുഷ വിഭാഗത്തിൽ അപേക്ഷിച്ച 3,234 പേർക്കും 65 വയസിനു മുകളിൽ പ്രായമുള്ള പുരുഷ മെഹ്‌റമില്ലാത്ത സ്ത്രീകളുടെ കാറ്റഗറിയിൽ 838 പേർക്കും നേരിട്ട് അവസരം നൽകി.
45 വയസിനു മുകളിൽ പ്രായമുള്ള ‘ലേഡീസ് വിത്തൗട്ട് മെഹ്‌റം’ വിഭാഗത്തിൽ 2,932 പേർക്കും കഴിഞ്ഞ വർഷത്തെ കാത്തിരിപ്പുപട്ടികയിൽ ഉൾപ്പെട്ട, ഈ വർഷം അപേക്ഷിച്ച 1,171 പേർക്കും നേരിട്ട് അവസരം നൽകി. ശേഷിച്ച ജനറൽ കാറ്റഗറിയിലെ 16,055 പേരിൽനിന്ന് 2,973 പേർക്ക് നറുക്കെടുപ്പിലൂടെ അവസരം നൽകി. 13,091 പേരെ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തി.ഹജ്ജ് ക്വാട്ട കൂടുതൽ ലഭിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റിലെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കും. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 6,493 പേർ കൊച്ചി വഴിയും 3,021 പേർ കണ്ണൂർ വഴിയും 1,625 പേർ കരിപ്പൂർ വഴിയുമാണ് യാത്രതിരിക്കുന്നത്.
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%.
മൂന്നാര്‍: ഓഗസ്റ്റ് 1 മുതല്‍ മുന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി മൂന്നാര്‍ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താന്‍ ആറംഗ സ്‌ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങള്‍ക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികമായി നല്‍കും.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്‌വി ജയകുമാര്‍ പറഞ്ഞു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന അര ലിറ്ററില്‍ താഴെയുള്ള ശുദ്ധജലക്കുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, സ്‌ട്രോ, ക്യാരി ബാഗുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഇത്തരം സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ക്കു കനത്ത പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ 10,000 രൂപയാണു പിഴ, രണ്ടാം തവണയും പിടികൂടിയാല്‍ 25,000, മൂന്നാം തവണ 2.5 ലക്ഷം രൂപ. മാലിന്യം വലിച്ചെറിയുന്നതിനും പ്ലാസ്റ്റിക് കത്തിക്കുന്നതും 5000 രൂപയാണു പിഴ. ജൈവ, അജൈവ മാലിന്യം തരംതിരിക്കാതെ പൊതു ഇടങ്ങളില്‍ തള്ളുന്നതിന് 1000 മുതല്‍ 10,000 രൂപ വരെ പിഴയീടാക്കും.
അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: ഡിഎൻഎ ഫലം അനുകൂലം; കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും
കോഴിക്കോട് ∙ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന അമ്മയ്ക്ക് അനുകൂലം. അടുത്ത ദിവസം കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും. കഴിഞ്ഞ 4 മാസമായി കുഞ്ഞിനെ തിരിച്ചു ലഭിക്കുന്നതിനായി അമ്മ ജില്ലാ അതികൃതരുമായി ബന്ധപ്പെട്ടിരുന്നു. വെള്ളയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡിഎൻഎ പരിശോധന നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകി.
എന്നാൽ, പരിശോധനക്ക് 25,000 രൂപ അമ്മ നൽകണമെന്ന് സിഡബ്ല്യുസി അധികൃതരും ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടത് വിവാദമായിരുന്നു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു ഡിഎൻഎ പരിശോധനയുടെ ചെലവ് സർക്കാർ വഹിക്കുമെന്നു പ്രഖ്യാപിക്കുകയും പണം നൽകുകയും ചെയ്തു. ഇന്നലെയാണ് ഡിഎൻഎ ഫലം പ്രസിദ്ധീകരിച്ചത്. കുട്ടിയെ കൈമാറും മുൻപ് കുട്ടിക്ക് വളരാൻ ആവശ്യമായ സാഹചര്യം ഉണ്ടോയെന്ന് സിഡബ്ല്യുസി വിശദമായി പരിശോധിക്കും. തുടർന്ന് അമ്മയ്ക്ക് ഡിസിപിയു നേതൃത്വത്തിൽ കൗൺസലിങ് നടത്തും. ഇതിനു ശേഷമേ കുഞ്ഞിനെ കൈമാറുകയുള്ളൂവെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ അറിയിച്ചു.കഴിഞ്ഞ മാർച്ച് 4 നാണ് അമ്മ ജില്ലയിലെ ഗവ.ആശുപത്രിയിൽ കുഞ്ഞിനു ജന്മം നൽകിയത്. തുടർന്ന് 12നു രാത്രി 10.30 ആണ് കുട്ടിയെ ബീച്ച് ഗവ.ആശുപത്രിയുടെ കീഴിലുള്ള അമ്മത്തൊട്ടിലിലാക്കി. 48 ദിവസത്തിനു ശേഷം കുഞ്ഞിനെ തിരിച്ചു ലഭിക്കാൻ സിഡബ്ല്യുസിയുമായി ബന്ധപ്പെടുകയായിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിനു സിഡബ്ല്യുസി നൽകിയ റിപ്പോർട്ടിൽ തുടരന്വേഷണം നടക്കുകയും പൊലീസ് അന്വേഷണം നടത്തി തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്നോളജി ലാബിൽ അമ്മക്കും കുട്ടിക്കും ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു.
കടലിന്റെ കനിവുതേടി ബോട്ടുകൾ വീണ്ടും……
ബേപ്പൂർ: 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കുന്നതോടെ ചാകര തേടി ആഴക്കടലിലേക്ക് ബോട്ടുകൾ കൂട്ടത്തോടെ പുറപ്പെടും. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങൾ. മൺസൂൺ കാലത്തെ മത്സ്യങ്ങളുടെ പ്രജനനത്തിനും, മത്സ്യ കുഞ്ഞുങ്ങളുടെ സ്വതന്ത്രമായ വളർച്ചക്കും, കടലിനടിത്തട്ടിലെ, കടൽ പുറ്റുകളുടേയും ,പവിഴ പുറ്റുകളുടേയും, സസ്യങ്ങളുടേയും ,ചെറു ജീവജാലങ്ങളുടേയും സുഖമമായ വളർച്ചയെ ത്വരിതപ്പെടുത്തി കടൽമത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും വേണ്ടി 1987 ലാണ് കേരളസർക്കാർ ട്രോളിങ് നിരോധനം നടപ്പിലാക്കിത്തുടങ്ങിയത്.
ആധുനിക സംവിധാനങ്ങളുള്ള വലിയ ബോട്ടുകളാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോവുക. ഇടത്തരം ബോട്ടുകളും, ചെറുബോട്ടുകളും കാലവർഷം പിൻവാങ്ങി കടൽ ശാന്തമായതിന് ശേഷം സെപ്തംബർ മാസം മുതലാണ് കടലിലേക്ക് പോകുക. ട്രോളിങ് നിരോധനാനന്തരം മത്സ്യബന്ധന ബോട്ടുകൾക്ക് നല്ലകോള് കിട്ടൽ പതിവാണ് .കണവ, കിളിമീൻ (പുതിയാപ്പിള കോര), വെംബ്ലി, തളയൻ, കൽവക്കോര, ചെമ്മീൻ ഇനങ്ങളുമാണ് ട്രോളിംങ്ങ് നിരോധനാനന്തരം ബോട്ടുകൾക്ക് ലഭിക്കുക. കഴിഞ്ഞ സീസണിലെ മത്സ്യത്തിന്റെ ലഭ്യതക്കുറവും ഡീസൽ വില വർദ്ധനവും മൂലം പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് നിരോധനം വറുതിയുടെ കാലമായിരുന്നു. തുറമുഖങ്ങളിലെ ലേലക്കാർ, ചുമട്ട്, ഐസ് തൊഴിലാളികൾ ചരക്കു നീക്കം നടത്തുന്നവർക്കും ജോലിയില്ലാത്ത സാഹചര്യമായിരുന്നു.
നിരോധനാനന്തരം കടലിൽ പോകാൻ ബോട്ടുകൾക്ക് ആവശ്യമായ ഡീസൽ, ഐസ് , വെള്ളം, ഭക്ഷണ സാമഗ്രികൾ, വല ,റോപ്പ് ,ബോർഡ് ,മറ്റു മത്സ്യബന്ധന ഉപകരണങ്ങളും കയറ്റി അവസാന വട്ട ഒരുക്കത്തിലാണ് ജോലിക്കാരും ഉടമകളും .മത്സ്യബന്ധനത്തിന് പുറപ്പെടുന്ന ബോട്ടുകൾ അറ്റകുറ്റപ്പണികളും, പെയിന്‍റിങ് ജോലികളും, ജി.പി.എസ് സെറ്റ്, വാക്കീടോക്കി ,വയർലെസ്സ് സെറ്റ് ,കാമറകൾ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങളും ഒരുക്കിയാണ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്
ഇന്ന് അതിശക്തമായ മഴ; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എല്ലാ ജില്ലകള്‍ക്കും ഇന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ബാക്കി 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ഒമ്പത് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ടുള്ളത്.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് അവധി. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന കേന്ദ്രങ്ങള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍, കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാവിലെ 11.30 മുതല്‍ നാളെ ഉച്ചയ്ക്ക് 2.30 വരെ 2.8 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ പുലര്‍ച്ചെ 05.30 വരെ 1.4 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്‌ക്കേണ്ടതാണ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
മഴ മുന്നറിയിപ്പ്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യൽ സ്‌കൂള്‍, റസിഡന്‍ഷ്യൽ കോളേജുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.
വയനാടിന് പുറമെ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്.ശനിയാഴ്ച (01-08-2026) ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഞായറാഴ്ച (02-08-2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഓൺലൈൻ തട്ടിപ്പുകൾ പലവിധം : ജാഗ്രത പാലിക്കുക
സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രതാ പാലിക്കുക. ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ “100% പ്രോഫിറ്റ് “, “ഗ്യാരണ്ടീഡ് റിട്ടേൺസ് “, “പ്രീമിയം ഐ പി ഓ അലോട്ട്മെന്റ് ” തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ലിങ്കുകൾ വഴി വാട്സ് ആപ്പ് , ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ഇവർ, ‘ഇൻവെസ്റ്റ്മെന്റ് മെന്റർ’, ‘ഫിനാൻഷ്യൽ അനലിസ്റ്റ് ‘ എന്നീ വ്യാജ പേരുകളിൽ ദിവസേന ട്രേഡിംഗ് ക്ലാസുകളും ടിപ്പുകളും നൽകി വിശ്വാസ്യത നേടിയെടുക്കുന്നു. തുടക്കത്തിൽ സ്വന്തം ഡീമാറ്റ് അക്കൗണ്ട് വഴി ചെറിയ ലാഭം ഉണ്ടാക്കിക്കൊടുത്ത് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരണ നൽകുകയാണ് ഇവരുടെ രീതി.
തുടർന്ന്, കുറഞ്ഞ വിലയിൽ സ്റ്റോക്കുകളും ഐ പി ഓ -കളും വാഗ്ദാനം ചെയ്ത് പ്രമുഖ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ ട്രേഡിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയും ‘ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ട് ‘ അല്ലെങ്കിൽ ‘വി ഐ പി ട്രേഡിങ്ങ് അക്കൗണ്ട് ‘ എന്ന പേരിൽ യു.പി.ഐ , ഐ.എം.പി.എസ്, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി തുടങ്ങിയ മാർഗങ്ങളിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെടുന്നു. നിക്ഷേപിച്ച തുകയും വ്യാജമായി ഉണ്ടാക്കിയ ലാഭവും ആപ്പുകളിൽ കാണിക്കുന്നതിനാൽ ഇരകൾക്ക് സംശയം തോന്നാറില്ല. എന്നാൽ, പണം തിരികെ പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഇൻകം ടാക്സ്, സർവീസ് ചാർജ്, വിഡ്രോവൽ ഫീ തുടങ്ങിയ പേരുകളിൽ വീണ്ടും തുക ആവശ്യപ്പെടുകയും ഒടുവിൽ നിക്ഷേപിച്ച തുകയും ലാഭവും നൽകാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിലെ വാഗ്ദാനങ്ങളോ വാട്സ് ആപ്പ് /ടെലിഗ്രാം ഗ്രൂപ്പുകളിലെ നിർദേശങ്ങളോ മാത്രം വിശ്വസിച്ച് പണം നിക്ഷേപിക്കരുത്. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ സെബി (SEBI ) അംഗീകൃത ബ്രോക്കർമാർ വഴിയും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയും മാത്രം നടത്തുക. അജ്ഞാത ആപ്പുകളിലോ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലോ പണം അയയ്ക്കുന്നതും പണം പിൻവലിക്കാൻ വീണ്ടും തുക നൽകുന്നതും പൂർണ്ണമായും ഒഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.



