മലപ്പുറം: പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തെ പോലീസ് പിടികൂടി.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പൊന്നാനി സി.ഐ എസ്. അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്തർസംസ്ഥാന ബന്ധമുള്ള മാഫിയയെ തകർത്തത്.
പൊന്നാനി സി.വി ജംഗ്ഷനിലെ റിക്രൂട്ടിംഗ് സ്ഥാപന ഉടമയായ ഇർഷാദിനെ (39) 100-ഓളം വ്യാജ സർട്ടിഫിക്കറ്റുകളുമായി പിടികൂടിയതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.
ഇർഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹായികളായ രാഹുൽ, നിസ്സാർ എന്നിവരെയും, ഇവർക്ക് സർട്ടിഫിക്കറ്റ് എത്തിച്ചുനൽകിയ തിരുവനന്തപുരം സ്വദേശി ജസീമിനെയും ബാംഗ്ലൂരിൽ നിന്നും പിടികൂടി.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിലൂടെയാണ് ‘ഡാനി’ എന്ന വ്യാജപേരിൽ മാഫിയ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരൻ തിരൂർ സ്വദേശി ധനീഷിനെ (37) പോലീസ് വലയിലാക്കിയത്.
പൂനെയിൽ ബാറുകളും ബിസിനസ്സുകളുമായി ആഡംബര ജീവിതം നയിച്ചിരുന്ന ധനീഷിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കുന്ദമംഗലത്ത് വെച്ചാണ് അതിസാഹസികമായി പിടികൂടിയത്.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും ശിവകാശിയിലുമായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം. ഇവിടെ നടത്തിയ റെയ്ഡിൽ 63 ലക്ഷത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനുള്ള പേപ്പറുകൾ, വിവിധ സർവകലാശാലകളുടെ ഹോളോഗ്രാം, സീലുകൾ, കമ്പ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തു. പ്രിന്റിംഗ് നടത്തിയിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
75,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവർ സർട്ടിഫിക്കറ്റുകൾ വിറ്റിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇത്തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും ജോലി നേടിയവരെയും, സർക്കാർ സർവീസിൽ കയറിയവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തിരൂർ ഡി.വൈ.എസ്.പി എ.ജെ ജോൺസൺ, പൊന്നാനി സി.ഐ എസ്. അഷറഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിൽ എസ് ഐമാരായ ബിബിൻ സി.വി, ആൻ്റോ ഫ്രാൻസിസ്, ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, പ്രകാശ്,എലിസബത്ത്, നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ അനിൽ വിശ്വൻ,അഷറഫ് എം.വി, നാസർ, എസ് .പ്രശാന്ത് കുമാർ, ശ്രീജിത്ത്, സനീഷ് സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ്, സൗമ്യ,മലപ്പുറം ജില്ലാ സൈബർ സെല്ലിലെ അഫ്സൽ എന്നീ പോലീസുദ്യോഗസ്ഥരും ഉണ്ടായിരുന്നു.
#keralapolice #statepolicemediacentre
വൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തെ പിടികൂടി
തദ്ദേശതിരഞ്ഞെടുപ്പിൽ മൂന്ന് വോട്ട് ചെയ്യണോ? നോട്ടയ്ക്ക് പകരമെന്ത്? എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്?
തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുകയാണോ? എങ്ങനെയാണ് വോട്ട് ചെയ്യേണ്ടതെന്നറിയാമോ… അതല്ല, നിങ്ങൾക്കെത്ര വോട്ടുണ്ട്? ചോദ്യം കേട്ട് കൺഫ്യൂഷനാവേണ്ട പറഞ്ഞുതരാം.നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ടവരാണെങ്കിൽ നിങ്ങൾക്ക് ഒരു വോട്ട് മാത്രമേ ഉണ്ടാവൂ. പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താം. ഇനി നിങ്ങൾ ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ട് ചെയ്യണം. ഒന്ന് ഗ്രാമപഞ്ചായത്ത് വാർഡിലേക്ക്.. രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്ക്… മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡിലേക്ക്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. ഓരോന്നും ഓരോ നിറത്തിലായിരിക്കും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് യൂണിറ്റിൽ വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഇതനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.__മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോടും താത്പര്യമില്ലെങ്കിൽ നോട്ട തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നവരോടാണ്, തദ്ദേശ തിരഞ്ഞെടുപ്പിൽ ‘നോട്ട’ എന്ന ഓപ്ഷൻ ഇല്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താത്പര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്താം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിൻ്റെ അവസാനമാണ് ‘എൻഡ് ബട്ടൺ’ ഉള്ളത്. ഇഷ്ടമുള്ള ഒരു സ്ഥാനാർഥിക്കുമാത്രം വോട്ടുചെയ്തശേഷം ‘എൻഡ് ബട്ടൺ’ അമർത്തുകയും ചെയ്യാം. അതായത് ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിക്കുമാത്രം വോട്ട് ചെയ്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർഥികളെ ഒഴിവാക്കി എൻഡ് ബട്ടൺ അമർത്തി മടങ്ങാം. അതേസമയം മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ബാലറ്റിൽ എൻഡ് ബട്ടണില്ല.__ഇനി വോട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം. പോളിങ് ബൂത്തിലേക്ക് കടന്നാൽ പോളിങ് ഉദ്യോഗസ്ഥൻ നമ്മുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റ് വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥനാണ് നമ്മുടെ കൈവിരലിൽ മഷി പുരട്ടുന്നത്. ശേഷം വോട്ട് രജിസ്റ്ററിൽ ഒപ്പുവെപ്പിക്കുകയും വോട്ട് ചെയ്യാനുള്ള സ്ലിപ് നൽകുകയും ചെയ്യും. ഇനി നേരെ വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന്റെ അടുത്തേക്കാണ്. സ്ലിപ് കൈമാറുമ്പോൾ പ്രസ്തുത ഉദ്യോഗസ്ഥൻ കൺട്രോൾ റൂമിലെ ബാലറ്റ് മെഷിൻ അമർത്തുകയും വോട്ടിങ് മെഷിൻ സജ്ജമാക്കുകയും ചെയ്യും. ഇനി വോടിങ് കംപാർട്ട്മെന്റിലേക്ക് കടന്ന് വോട്ട് രേഖപ്പെടുത്താം. സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തുകയാണ് ചെയ്യേണ്ടത്. ഇത് ചെയ്താൽ സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും ബിപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ പ്രിസൈഡിങ് ഓഫീസറോട് ചോദിക്കാം.
തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി, സംഘം മദ്യപിച്ച് ലക്കുകെട്ടപ്പോൾ രക്ഷപ്പെട്ടു; വ്യവസായി ആശുപത്രിയിൽ
ഒറ്റപ്പാലം: തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ സംഘത്തിൽ നിന്നും രക്ഷപ്പെട്ട വ്യവസായി പരിക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി വിപി മുഹമ്മദലി (72) ആണ് സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിലവില്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച വൈകീട്ട ആറരയോടെയാണ് സംഭവം.കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ കൂറ്റനാട് ചെറുതുരുത്തി പാലത്തിന് സമീപത്തു നിന്നും മുഹമ്മദലി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് സംഘം ആക്രമണം നടത്തിയത്. സാമ്പത്തിക ഇടപാടിന്റെ പേരിലാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം.
17 കോടി രൂപയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് സംഘം തട്ടിക്കൊണ്ടു പോകുന്ന സമയത്ത് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു മുഹമ്മദലിയെ എത്തിച്ച ശേഷം സംഘത്തിലുള്ളവർ മദ്യപിച്ചു അബോധാസ്ഥയിലായി. പിന്നാലെ രക്ഷപ്പെട്ട മുഹമ്മദലിയെ നാട്ടുകാരാണു ആശുപത്രിയിൽ പ്രവേശിപ്പച്ചത്.സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ. തൃശൂർ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.
‘മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം’; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍
കൊച്ചി: മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകള്‍ ഫാത്തിമ നര്‍ഗീസ് നടത്തിയ പരാമര്‍ശം തിരുത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുനവ്വറലി തങ്ങളുടെ പ്രതികരണം.
‘കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമു’ണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.
സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു ഫാത്തിമയുടെ പരാമര്‍ശം. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാമെന്നും ഫാത്തിമ പറഞ്ഞു. പിന്നാലെ ഫാത്തിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയായ എന്റെ മകള്‍ ഫാത്തിമ നര്‍ഗീസ് നല്‍കിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്.കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.ആ മറുപടി, ആ വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യര്‍ത്ഥന.കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഒരു വിഷയത്തില്‍, ഒരു പിതാവെന്ന നിലയില്‍ മുഴുവന്‍ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാന്‍ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
ഒന്നാംഘട്ട പ്രചാരണത്തിന് ഇന്ന് സമാപനം; 1.32 കോടി വോട്ടർമാർ ബൂത്തിലേക്ക്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്ച കലാശക്കൊട്ടോടെ സമാപനം. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഞായറാഴ്ച വൈകീട്ട് ആറുവരെയാണ് പരസ്യപ്രചാരണം.രണ്ടാംഘട്ടത്തിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കുക.
ഒന്നാംഘട്ടത്തിൽ 1,32,83,739 വോട്ടർമാരാണ് പോളിങ് ബൂത്തിലേക്ക് പോവുക. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ വോട്ടെടുപ്പില്ല. 14 ഇടത്തും ഇടതുസ്ഥാനാർഥികൾക്ക് എതിരില്ലാത്തതാണ് കാരണം. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.സംസ്ഥാനത്താകെ ഇതുവരെ 2448 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ എണ്ണം ഇനിയും ഉയരാം. സാധാരണ ബൂത്തുകളിൽ വോട്ടെടുപ്പുദിവസം ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിന്യസിക്കുകയാണെങ്കിൽ പ്രശ്ന ബാധിത ബൂത്തുകളിൽ പ്രശ്ന സാധ്യത എത്രത്തോളമുണ്ടാകാ മെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് വിന്യാസം. അഞ്ചും ആറും ബൂത്തുകളിലെ നിരീക്ഷണത്തിനായി സർവൈലൻസ് ടീമിനെയും നിയോഗിക്കും.
രാഹുൽ മങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘം
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ 11 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ബെംഗളൂരുവിൽ രാഹുൽ ഒളിവിൽ കഴിയുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു കേസിൽ മാത്രമാണ് രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. രണ്ടാം കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ നൽകിയ ഹർജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.
കേസിൽ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന രാഹുലിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു. ഈ കേസിൽ പരാതിക്കാരിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.
രാഹുലിന്‍റെ ഒളിവ് അതിവിദഗ്ധമായി
രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 11 ദിവസം ഒളിവിൽ കഴിഞ്ഞത് അതിവിദഗ്ധമായെന്നാണ് വിവരം. പൊലീസിന്‍റെ കണ്ണു വെട്ടിക്കാൻ പല വഴികളാണ് എംഎൽഎ തേടിയത്. ഓരോ പോയിന്‍റിലും രാഹുലിന് സഹായമെത്തിക്കാൻ നിരവധി പേരെത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ എത്തിയ ഉടൻ രാഹുൽ മാങ്കൂടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് അതിവിഭഗ്ധമായാണ്. സിസിടിവി ക്യാമറകൾ ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര . സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക്. അവിടെ നിന്ന് തമിഴ്നാട് – കർണാടക അതിർത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോർട്ടിൽ ഞായറാഴ്ച മുതൽ ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്ക് ഒളിയിടം മാറ്റുന്നു.
എന്നാൽ പൊലീസ് എത്തുന്ന വിവരമറിഞ്ഞ് നേരെ ബംഗളൂരുവിലേക്ക് കടന്നു. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പലവട്ടം അന്വേഷണ സംഘം രാഹുലിന് സമീപമെത്തി. ഒളിവ് ജീവിതത്തിനിടെ രാഹുൽ കാറുകളും മൊബൈൽ നമ്പറുകളും മാറ്റിയത് നിരവധി തവണയാണ്.ഓരോ ഒളിയിടത്തിലും കഴിഞ്ഞത് മണിക്കൂറുകൾ മാത്രമാണ്. കർണാടകത്തിൽ രാഹുലിന് സംരക്ഷണമൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ള ഒരു വനിത അഭിഭാഷകയാണെന്നാണ് വിവരം. ഇവർക്ക് പൊലീസിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷേ തള്ളിയാൽ രാഹുൽ കീഴടങ്ങുമെന്നും അതിന് മുമ്പേ അറസ്റ്റ് ചെയ്യാനുമായിരുന്നു പൊലീസിന്‍റെ നീക്കം. ജാമ്യാപേക്ഷയിൽ തീരുമാനം വന്നതോടെ രാഹുലിന്‍റെ മൊബൈൽ ഫോണുകൾ ഓണായി. കീഴടങ്ങില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം എംഎൽഎ ഓഫീസിലെ രണ്ട് അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കും പേഴ്സണൽ അസിസ്റ്റന്‍റിനുമൊപ്പമാണ് രാഹുൽ പാലക്കാട് വിട്ടിരുന്നത്. എന്നാൽ അവരിൽ നിന്നും കൂടുതൽ വിവരം ലഭിച്ചില്ല. ഹൈകോടതി അറസ്റ്റ് താത്കാലികമായി തടഞ്ഞതോടെ എംഎൽഎയുടെ ഓഫീസിലും ആശ്വാസമാണ്. കഴിഞ്ഞ 10 ദിവസമായി എംഎൽഎ ഓഫീസിലെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുൽ ഇനിയും എംഎൽഎ സ്ഥാനത്ത് തുടരുമോ? അതോ ധാർമികത ഉയർത്തി പിടിച്ച് രാജിവെക്കുമോ എന്നതാണ് നിലവിലെ ചർച്ചകളിലൊന്ന്.
നിരാഹാരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍
സൈബര്‍ കേസില്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ച കേസിലാണ് രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായത്. കേസില്‍ മെന്‍സ് കമ്മീഷന്‍ വേണമെന്ന ആവശ്യവുമായാണ് ജയിലില്‍ നിരാഹാര സമരം കിടന്നത്.ആഹാരം കഴിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്ന് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ ഈശ്വര്‍ നിലപാട് മാറ്റിയത്.അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്.കേസിലെ എഫ്ഐആര്‍ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വര്‍ വാദിച്ചിരുന്നു. പോസ്റ്റ് പിന്‍വലിക്കാമെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ഈ കേസില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതി കുറ്റം ആവര്‍ത്തിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. കാട്ടാനയെ കണ്ടപ്പോള്‍ കാളിമുത്തുവും സംഘവും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാളിമുത്തു അക്രമത്തിനിരയായി.
രാവിലേ ഏഴോടെയാണ് കാളിമുത്തു, അച്യുതന്‍, കണ്ണന്‍ എന്നിവര്‍ മുള്ളി വനത്തിലെ ബ്ലോക്ക് 12ല്‍ കടുവ കണക്കെടുപ്പിനു പോയത്. തിരികെ വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു. ആനയെ കണ്ടതോടെ പരിഭ്രാന്തരായ മൂവരും ചിതറി ഓടിയെങ്കിലും കാളിമുത്തുവിനെ ആന ആക്രമിച്ചു. അച്യുതന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്.അഗളി നെല്ലിപ്പതി ഉന്നതിയിലെ താമസക്കാരനാണ് 52കാരനായ കാളിമുത്തു. കാളിമുത്തുവിനെ കാണുന്നില്ലെന്ന് കൂടെയുള്ളവര്‍ വനംവകുപ്പില്‍ അറിയിച്ചതിനു പിന്നാലെ RRT നടത്തിയ തിരച്ചിലിലാണ് മുള്ളി വനം മേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഓടിരക്ഷപ്പെടുന്നതിനിടെ വീണ വാച്ചര്‍ അച്യുതന് തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുതൂര്‍ റേഞ്ചില്‍ 5 അംഗ വനംവകുപ്പ് സംഘം കടുവാ സെന്‍സസിനിടെ കാട്ടില്‍ കുടുങ്ങിയിരുന്നു. വഴിതെറ്റിയ ഇവരെ 18 മണിക്കൂറിനുശേഷമാണ് തിരികെയെത്തിച്ചത്.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട
മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയി കാറിൽ കടത്തുകയായിരുന്ന 11132500 (ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ ) രേഖകളില്ലാതെ നിയമവിരുദ്ധമായി കൈവശം വെച്ച്, കടത്തികൊണ്ട് വന്നത് കണ്ടെത്തി. സുൽത്താൻബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ നായ്ക്കട്ടി പോസ്റ്റിൽ ചിത്രാലക്കര വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ സി.കെ. മുനീർ (38/2025) എന്നയാളെ തുടർ നടപടികൾക്കായി എക്സൈസ് വകുപ്പ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്ന് കൈമാറി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ.അനൂപ്, വി.രഘു,സിവിൽ എക്സൈസ് ഓഫീസർ പി.വി.വിപിൻ കുമാർ മുതലായവർ പങ്കെടുത്തു.മേൽ പരിശോധനക്ക് വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിൽ കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ ജി ജിഷ്ണു എന്നിവർ നേതൃത്വം നൽകി കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ തിരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടക്കുന്നതിലേക്ക് യാതൊരുവിധ അനധികൃത വസ്തുക്കളും സംസ്ഥാനത്തേക്ക് കടന്നു വരുന്നത് തടയുന്നതിന് കർശന പരിശോധന തുടരുമെന്ന് വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു
രാഹുലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ.ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ തങ്ങൾക്ക് ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് 15ന് പരിഗണിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിക്കുകയും ചെയ്തു.
യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലാണ് രാഹുൽ മാങ്കൂട്ടം എംഎൽഎ മുൻകൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ആരോപണം ബലാൽസംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ് എന്നും ഹർജിയിൽ പറയുന്നു.



