spot_img
Thursday, July 2, 2026
Home Blog Page 422

‘ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിൻ സ്ട്രാപ്പ് സുരക്ഷിതമല്ല’; വാഹന യാത്രികര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

0

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവർ നിർബന്ധമായും ഹെല്‍മെറ്റ് ധരിക്കേണ്ടതാണ്. എന്നാല്‍, ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് മാത്രം സുരക്ഷിതരാണെന്ന് കരുതാൻ സാധിക്കുകയില്ല. അപകട സമയങ്ങളില്‍ പലപ്പോഴും ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരിത്തെറിച്ച്‌ പോകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹെല്‍മറ്റ് ധരിച്ചതിനുശേഷം ചിൻ സ്ട്രാപ്പ് ഉപയോഗിച്ച്‌ തലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നു നിർബന്ധമായും ഉറപ്പുവരുത്തണം.

ചിൻ സ്ട്രാപ്പ് അശ്രദ്ധമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഊഞ്ഞാലുപോലെ തൂങ്ങിക്കിടക്കുന്ന ചിൻ സ്ട്രാപ്പുകള്‍ സുരക്ഷിത ബോധമില്ലായ്മയാണ് കാണിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. യാത്രാവേളയില്‍ ഇടയ്ക്കിടെ വാഹനം നിർത്തേണ്ടി വരുമ്പോള്‍ ഹെല്‍മെറ്റ് അഴിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് മിക്ക ആളുകളും ചിൻ സ്ട്രാപ്പ് അയഞ്ഞ രീതിയില്‍ ഇടുന്നത്. ചിൻ സ്ട്രാപ്പ് ശരിയായ രീതിയില്‍ തന്നെ ധരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്

ചിൻ സ്ട്രാപ്പ് മുഖ്യം. ഹെല്‍മറ്റ് ധരിച്ചിട്ടും അപകടസമയത്ത് അത് തലയില്‍ നിന്ന് ഊരി പോയ നിര്‍ഭാഗ്യവാന്‍മാരെ നമുക്ക് റോഡില്‍ കാണാം. ഹെല്‍മറ്റ് സുരക്ഷിതമായി തലയില്‍ ബന്ധിക്കണം. ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിന്‍ സ്ട്രാപ്പ് സുരക്ഷിത ബോധമില്ലായ്മ ആണ് കാണിക്കുന്നത്. ഇടയ്ക്കിടെ വാഹനം നിര്‍ത്തേണ്ടി വരുമ്പോള്‍ ഹെല്‍മറ്റ് അഴിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. അപകട സമയത്ത് ഹെല്‍മറ്റ് ആദ്യം തെറിച്ച്‌ പോകും. ചിന്‍ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക.

മത്തി കിട്ടാനില്ല ; ഇറച്ചിക്കോഴി വില ഇരുന്നൂറിലേക്ക് ; വെളുത്തുള്ളി കുടുംബം വെളുപ്പിക്കും.

0

സംസ്ഥാനത്ത് കോഴിക്ക് 160 മുതൽ 170 രൂപ വരെ, മത്തിക്ക് 200, വെളുത്തുള്ളി 380 മുതൽ 400 വരെ അങ്ങനെ സർവ്വതിനും വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. സാധാരണ ക്രൈസ്തവരുടെ അൻപത് നോമ്പ് കാലത്ത് മത്സ്യ-മാംസ വില താഴുന്നതാണ്. പക്ഷെ ഇത്തവണ മേലോട്ടാണ്.160 മുതൽ 170 രൂപ വരെയാണ് ഇറച്ചിക്കോഴി വില. കേരളത്തിലെ കനത്ത ചൂടില്‍ ഇറച്ചിക്കോഴികള്‍ ചാകുന്ന അവസ്ഥ ഒഴിവാക്കാൻ തമിഴ്നാട് ലോബി ഉല്പാദനം കുറച്ചതാണ് വില ഉയരാൻ കാരണം.

ചൂട് കൂടിയതോടെ കടല്‍ മീനുകളുടെ വരവും കുറഞ്ഞു. സാധാരണക്കാർ കൂടുതല്‍ ഉപയോഗിക്കുന്ന മത്തി കേരള തീരം വിട്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അയല 240, കിളിമീൻ 200 മുതൽ 300 വരെ എന്നിങ്ങനെയാണ് വില. വറ്റ, കാളാഞ്ചി മോത, നെയ്മീൻ, ചെമ്മീൻ തുടങ്ങിയവ 360 മുതൽ 400 വരെയെത്തി. നോമ്പുകാല പ്രത്യേകതയായി പച്ചക്കറി ഇനങ്ങളുടെ വിലയും വർദ്ധിച്ചു. കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, പയർ, തക്കാളി, വെണ്ടക്ക, ചേന, ചേമ്പ് തുടങ്ങിയ ഇനങ്ങള്‍ക്ക് കിലോയ്ക്ക് 60 മുതൽ 80 വരെ വില ഉയർന്നു. വെളുത്തുള്ളി വില 380നും 400നും അടുത്താണ്.

കോഴിക്കോട്, മംഗലാപുരം റെയില്‍വേ സ്റ്റേഷൻ നവീകരണം വേഗത്തിലാക്കും

0

പാലക്കാട്: കോഴിക്കോട്, മംഗലാപുരം റെയില്‍വേ സ്റ്റേഷനുകളെ വിമാനത്താവള നിലവാരത്തിലേക്കുയർത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ.എൻ. സിങ്. നവീകരിച്ച കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ 2026ഓടെ തുറന്നു നല്‍കാനാവും. മംഗലാപുരം സ്റ്റേഷൻ നവീകരണത്തിനായി അടുത്ത ദിവസങ്ങളില്‍ ടെൻഡർ വിളിക്കും.പാലക്കാട് റെയില്‍വേ പിറ്റ് ലൈൻ പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കാനാകുമെന്നും സിങ് പറഞ്ഞു. പാലക്കാട് ഡിവിഷനില്‍ ഉള്‍പ്പെടുന്ന പാർലമെന്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേ കോച്ച്‌ ഫാക്ടറിയുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വം എം.പിമാർ യോഗത്തില്‍ ഉന്നയിച്ചു. ഇത് സർക്കാർ തലത്തിലും റെയില്‍വേ ബോർഡ് തലത്തിലും ഉണ്ടാവേണ്ട തീരുമാനമാണെന്ന് അധികൃതർ പറഞ്ഞു. കല്ലായിയില്‍ ഫുള്‍ ലെങ്ത് ഗുഡ്സ് ലൈൻ വേഗത്തില്‍ സജ്ജമാക്കുമെന്ന് ആർ.എൻ. സിങ് പറഞ്ഞു. മംഗലാപുരത്ത് പുതുതായി രണ്ട് പ്ലാറ്റ്ഫോമുകള്‍കൂടി സജ്ജമാക്കിയിട്ടുണ്ട്. ഇതിനൊപ്പം അമൃത് സ്റ്റേഷൻ പദ്ധതിയില്‍ 16 പുതിയ സ്റ്റേഷനുകള്‍ നവീകരിക്കും. കൂടുതല്‍ ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിക്കണമെന്ന ആവശ്യമാണ് പ്രധാനമായും എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായത്.

പാലക്കാട് -പൊള്ളാച്ചി പാതയില്‍ നവീകരണത്തിന് മുമ്പുണ്ടായിരുന്ന ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സിങ് അറിയിച്ചു. എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, രമ്യ ഹരിദാസ്, ഡോ. വി. ശിവദാസൻ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ, കെ. മുരളീധരൻ, പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജർ അരുണ്‍ കുമാർ ചതുർവേദി, ദക്ഷിണ റെയില്‍വേ വകുപ്പുകളുടെ പ്രിൻസിപ്പല്‍ മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2619 പേര്‍ ഭൂമിയുടെ അവകാശികളായി

0

കോഴിക്കോട്: സംസ്ഥാനതല പട്ടയ മേളയുടെ ഭാഗമായി ജില്ലാതല പട്ടയവിതരണം നടത്തി. ജില്ലയില്‍ 2619 പേർക്കാണ് പട്ടയം ലഭ്യമാക്കിയത്. കോഴിക്കോട് ലാൻഡ് ട്രിബ്യൂണല്‍ പരിധിയില്‍ നിന്ന് 1784 പട്ടയങ്ങള്‍, വടകര ലാൻഡ് ട്രിബ്യൂണല്‍ പരിധിയില്‍ നിന്ന് 700, ദേവസ്വം ട്രിബ്യൂണലില്‍ നിന്ന് 50, സർക്കാർ ഭൂമി പതിച്ച്‌ കൊടുക്കുന്ന വിഭാഗത്തില്‍ നിന്ന് 34, 51 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിവയാണ് വിതരണം ചെയ്തത്.

ഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

കോവൂർ പി. കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ എം.എല്‍.എമാരായ ടി .പി. രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവില്‍, കാനത്തില്‍ ജമീല, കെ.പി. കുഞ്ഞമ്മദ് കുട്ടി , കെ. എം. സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ലാൻഡ് റിഫോംസ് റിവ്യൂ ബോർഡ് അനൗദ്യോഗിക അംഗം ടി.കെ. രാജൻ, ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാർ സിംഗ്, എല്‍.എ. ഡെപ്യൂട്ടി കളക്ടർ പി.എൻ. പുരഷോത്തമൻ, തഹസില്‍ദാർമാർ, റവന്യു ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികള്‍ എന്നിവർ സംബന്ധിച്ചു. എ.ഡി.എം. കെ. അജീഷ് നന്ദി പറഞ്ഞു.

ബീച്ച്‌ ആശുപത്രിയില്‍ ഇലക്‌ട്രോണിക് അമ്മത്തൊട്ടില്‍ ഉടൻ

0

കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഇനി കോഴിക്കോട് ബീച്ച്‌ ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കുന്ന ഇലക്‌ട്രോണിക് അമ്മത്തൊട്ടില്‍ സ്വീകരിക്കും. അമ്മത്തൊട്ടിലില്‍ എത്തിച്ചാല്‍ രണ്ട് മിനിട്ടിനുള്ളില്‍ തന്നെ ശിശുക്ഷേമ സമിതിയുടെ സുരക്ഷിത കരങ്ങള്‍ കുഞ്ഞുങ്ങളെ ഏറ്റെടുക്കും. വർഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്.

അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് നായകളുടെ കടിയേല്‍ക്കുന്നതുള്‍പ്പെടെ ജീവൻ അപകടത്തിലാവുന്ന സാഹചര്യങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോമാറ്റിക് വാതിലുകളുള്ള ഇലക്‌ട്രോണിക് അമ്മത്തൊട്ടില്‍ പദ്ധതി വിഭാവനം ചെയ്തത്. ബീച്ച്‌ ആശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡില്‍ നിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് അമ്മത്തൊട്ടില്‍ നിർമിച്ചത്. ഇവിടെ കുഞ്ഞുങ്ങളെ എത്തിച്ചാലുടൻ തന്നെ ആ വിവരം ഫോട്ടോ സഹിതം അധികൃതരിലേക്കെത്തും. പക്ഷേ കുഞ്ഞിനെ എത്തിച്ചയാളുടെ ഫോട്ടോ എങ്ങും പതിയില്ല. അവർക്ക് സുരക്ഷിതരായി മടങ്ങാം. രണ്ടു മിനിറ്റിനുള്ളില്‍ ഒരമ്മയെത്തി കുഞ്ഞിനെ ഏറ്റു വാങ്ങും. ബീച്ച്‌ ആശുപത്രിയില്‍ ഉടൻ സജ്ജമാകുന്ന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന്റെ സവിശേഷതകളാണിത്. ആശുപത്രി മാസ്റ്റർ പ്ലാനില്‍ ഉള്‍പ്പെടുത്തിയ ഇലക്‌ട്രോണിക് അമ്മത്തൊട്ടിലിന്റെ പ്രവൃത്തി 85 ശതമാനവും പൂർത്തിയായി. ഇനി സാങ്കേതിക പ്രവൃത്തികളാണുള്ളത്.

ഇതിനായി പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്ര് ഇൻഡസ്ട്രീസ് ലിമിറ്റഡ് എസ്റ്റിമേറ്റ് തയ്യാറാക്കി വനിതാശിശുക്ഷേമ വകുപ്പിന് കെെമാറിയിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാലുടൻ ആരംഭിക്കും. പദ്ധതിയിക്കായി എട്ട് ലക്ഷം രൂപ തോട്ടത്തില്‍ രവീന്ദ്രൻ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. തൊട്ടിലിന്റെ പ്രവേശന കവാടത്തിനടുത്ത് മനോഹരമായ പൂന്തോട്ടവും സജ്ജമാക്കിയിട്ടുണ്ട്.

എ. പ്രദീപ് കുമാർ എം.എല്‍.എ യായിരിക്കുമ്പോഴാണ് തുക പാസാക്കി ഭരണാനുമതി ലഭ്യമാക്കിയത്. അതുപ്രകാരം 24,11,000 രൂപയുടെ എസ്റ്റിമേറ്റിനും അനുമതിയും നല്‍കി. ബീച്ച്‌ ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർ പ്ലാനില്‍ അമ്മത്തൊട്ടിലിനുള്ള സ്ഥലവും കൂടി ഉള്‍പ്പെടുത്തിയിരുന്നു.

അമ്മത്തൊട്ടിലിന്റെ പ്രവർത്തനം

കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയാല്‍ വാതിലടയും

 ഉടൻ സൈറണ്‍ മുഴങ്ങി ഉദ്യോഗസ്ഥർക്ക് അറിയിപ്പ്

 കുഞ്ഞ് സുരക്ഷിതമാണെന്ന് ശബ്ദസന്ദേശം വരും

കുഞ്ഞിന്റെ ചലനം വീഡിയോ അധികൃതർക്ക് ലഭിക്കും

 കുഞ്ഞിനെ എത്തിച്ച വ്യക്തിയെ കാണാനാകില്ല

ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാവുന്ന സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് ഇലക്‌ട്രോണിക് അമ്മത്തൊട്ടില്‍ സജ്ജമാകുന്നതെന്നും തൊട്ടിലിന്റെ പ്രവൃത്തി ഉടൻ പൂർത്തിയാകുമെന്നും സബീന ബീഗം (വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ) പറഞ്ഞു.

പരീക്ഷയെ പേടിക്കേണ്ട വി -ഹെൽപ്പ് ടോൾ ഫ്രീ സഹായ കേന്ദ്ര സേവനം ആരംഭിച്ചു: മന്ത്രി വി ശിവൻകുട്ടി

0

തിരുവനന്തപുരം : എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കന്ററി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്നലെ (ഫെബ്രുവരി 22) മുതൽ സേവനം ലഭ്യമായി തുടങ്ങി.

വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. നിംഹാൻസ് ബംഗളുരൂവിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം. പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും സേവനം ലഭ്യമാകും.

എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എം.ബി.എ പ്രവേശന പരീക്ഷാ അഡ്മിറ്റ് കാർഡ്

0


മാർച്ച് മൂന്നിന് നടത്തുന്ന എം.ബി.എ കോഴ്സ് പ്രവേശന പരീക്ഷയായ കെമാറ്റിന്റെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്കു മുമ്പ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. വിശദ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഫോൺ: 0471 252 5300.

ലോൺ ആപ്പ് തട്ടിപ്പ്: ആത്മഹത്യ : അന്തർ സംസ്ഥാന സംഘത്തിലെ നാലു പേരെ മീനങ്ങാടി പോലീസ് ഗുജറാത്തിൽ നിന്ന് പിടികൂടി.

0

മീനങ്ങാടി : ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി വയനാട്ടിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച അന്തർ സംസ്ഥാന സംഘത്തിലെ നാലു പേരെ മീനങ്ങാടി പോലീസ് ഗുജറാത്തിൽ നിന്ന് പിടികൂടി. യുവാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ ഭീഷണിപ്പെടുത്തിയ ഗുജറാത്ത് അമറേലി സ്വദേശികളായ ഖേറാനി സമീർ ഭായ്, കൽവത്തർ മുഹമ്മദ് ഫരിജ്, അലി അജിത്ത് ഭായ് എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയും ആണ് വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നിർദ്ദേശപ്രകാരം മീനങ്ങാടി ഇൻസ്പെക്ടർ പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

2023 സെപ്റ്റംബർ 15നാണ് പൂതാടി താഴെമുണ്ട ചിറകൊന്നത്തു വീട്ടിൽ സി എസ് അജയരാജ് ജീവനൊടുക്കിയത്. കാൻഡികാഷ് എന്ന വായ്പ ആപ്പ് തട്ടിപ്പ് സംഘം ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ആത്മഹത്യ.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. #keralapoliceofficialKerala Police

കൊയിലാണ്ടിയിൽ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി

0

കൊയിലാണ്ടി: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പുളിയോറവയല്‍ പി വി സത്യനാഥൻ (64) ആണ് മരിച്ചത്. ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു; പുതിയ മാറ്റങ്ങൾ മേയ് ഒന്നു മുതൽ

0

        സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 C C –ക്കു മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം. നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യേണ്ടതും പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണെന്നും ഇതു സംബന്ധിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും.

ഓട്ടോമാറ്റിക് ഗിയർ/ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളിലും, ഇലക്ട്രിക് വാഹനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനു വിധേയരാകുന്ന അപേക്ഷകർക്ക് ഇനി സാധാരണ മാനുവൽ ഗിയർ ഉള്ള വാഹനം ഓടിക്കാൻ കഴിയില്ല. ഇത്തരം വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ/ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല എന്നും നിർദേശം നൽകിയിട്ടുണ്ട്.

         മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് കേന്ദ്ര മോട്ടോർ വാഹന ചട്ടം 15(3) അനുശാസിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് വാഹന ഗതാഗതമുള്ള റോഡിൽ  നടത്തുവാൻ നിർദേശം നൽകുന്നു. ഗ്രൗണ്ടിൽ തന്നെ പാർട്ട് 2 റോഡ് ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണത്തിലെ വീഴ്ചയായി കണക്കാക്കും.

        ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്കരിക്കും.

        പ്രതിദിനം ഒരു MVI യും ഒരു AMVI യും ചേർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി ഇതിൽ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. 30 എണ്ണത്തിൽ കൂടുതൽ ആയാൽ ടെസ്റ്റിങ് കാര്യക്ഷമമായി നടത്താൻ കഴിയാത്തതുകൊണ്ടാണ് ഈ മാറ്റം. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ൽ കുറവായാൽ കുറവ് വരുന്ന എണ്ണം നേരത്തെ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നൽകാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും.

        ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടോർ ഡ്രൈവിംഗ് സ്കൂളിന്റെ എൽ.എം.വി വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ( VLTD) ഡ്രൈവിംഗ് സ്കൂൾ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്തു മെമ്മറി കാർഡ് എം.വി.ഐ കൈവശം കൊണ്ടുപോകേണ്ടതും അതിലെ ഡേറ്റാ ഓഫിസിലെ കംപ്യൂട്ടറിലേക്ക് മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകേണ്ടതുമാണ്. ഡാറ്റാ മൂന്ന് മാസകാലയളവിലേക്ക് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.

        ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ പാർട്ട് 1 ഡ്രൈവിംഗ് ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കിൽ പരിശോധിക്കണം.

        കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 24 (3) (viii) പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകളും, സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോർഡുകളും അംഗീകാരം നൽകിയിട്ടുള്ള സ്ഥാപനങ്ങൾ നടത്തുന്ന മോട്ടോർ മെക്കാനിക് അല്ലെങ്കിൽ മെക്കാനിക്കിൽ എൻജിനീയറിങിൽ ഉള്ള യോഗ്യത വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ ആകാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനാൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാരായി നിയമിക്കപ്പെടാനുള്ള യോഗ്യതയായി മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നുള്ള റെഗുലർ കോഴ്സ് പാസായവരെ പരിഗണിക്കണെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിൽ വ്യക്തമാക്കി.