കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി.ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഉത്തരവിറക്കിയത്. ജില്ലയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരുമെന്നും എം എസ് മാധവിക്കുട്ടിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ജലാശയങ്ങളില്‍ ജാഗ്രതപുഴകള്‍, അരുവികള്‍, തടയണകള്‍, ജലാശയങ്ങള്‍ എന്നിവയില്‍ ഇറങ്ങുന്നതും മീന്‍പിടിത്തം, കുളി, നീന്തല്‍, ട്രക്കിങ് തുടങ്ങിയ അപകടസാധ്യതയുള്ള പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങള്‍ അടച്ചിടാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിനും വനം വകുപ്പിനും ഡി ടി പി സിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ബന്ധപ്പെട്ട മറ്റു നിയമങ്ങള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.താമരശ്ശേരിയില്‍ നിയന്ത്രണംഅതേസമയം വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണവും കോഴിക്കോട് കളക്ടർ ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഗതാഗത നിയന്ത്രണ ഉത്തരവിറക്കിയത്. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. അതേസമയം കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പൊലീസ് വാഹനങ്ങള്‍, അവശ്യദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.
വാക്കുതർക്കം:കോഴിക്കോട്ട് വ്യാപാരി കുത്തേറ്റ് മരിച്ചു
കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലെ പ്രമുഖ ഹോട്ടൽ സമുച്ചയത്തിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ മുഹമ്മദ് (39) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിഠായിത്തെരുവിൽ (എസ്.എം. സ്ട്രീറ്റ്) കട നടത്തുന്ന വ്യാപാരിയാണ് കൊല്ലപ്പെട്ട ആദിൽ.നേരത്തെ തന്നെ പരിചയക്കാരായ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്ത് സുൽത്താനാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.അക്രമത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപുതന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങളും ഏകദേശ സൂചനകളും ലഭ്യമായിട്ടുണ്ടെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
താമരശ്ശേരി: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ തോട് കവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. വയനാട് ചുരം മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഈങ്ങാപ്പുഴ ടൗണിൽ ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.ചുരത്തിലും താഴ്‌വരയിലും തുടരുന്ന ശക്തമായ പെയ്ത്തിൽ മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ താമരശ്ശേരി ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.അപകടസാധ്യത കണക്കിലെടുത്ത് യാത്രക്കാർ ചുരം മേഖലയിൽ അനാവശ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പുറത്തിറങ്ങി നിൽക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം എന്നും അഭ്യർത്ഥിക്കുന്നു.വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കൈതപ്പൊയിലിൽ നിന്നും നോളജ് സിറ്റി വഴി കോടഞ്ചേരിയിലൂടെ മാത്രമാണ് ഇപ്പോൾ വാഹനഗതാഗതം സുഗമമായുള്ളത്.കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് താമരശ്ശേരിയിൽ നിന്നും കൂടത്തായി മൈക്കാവ് വഴി കോടഞ്ചേരിയിലൂടെ ഇതുവഴി വയനാട് ഭാഗത്തേക്ക് കടന്നു പോകാവുന്നതാണ്.
സംസ്ഥാനത്ത് ശക്തമായ മഴ; രണ്ട് മരണം; ഒരാൾക്കായി തിരച്ചിൽ, ഇടുക്കിയിലും കോട്ടയത്തും വൻനാശ നഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന് സമീപമുള്ള വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് സ്ത്രീ മരിച്ചു. സുമതിയെന്നയാളാണ് മരിച്ചത്. സുമതിയും കുടുംബവും താമസിച്ചിരുന്ന വീട് ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു. ഭര്‍ത്താവ് രവിയും മകനും രക്ഷപ്പെട്ടു. എൻഡിആർഎഫ് സേനാംഗങ്ങളും തൊടുപുഴ മൂലമറ്റം ഫയർ ഫോഴ്‌സ് സേനാംഗങ്ങളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മണ്ണിടിഞ്ഞത്. കനത്ത മഴയെ തുടർന്ന് രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ജെസിബിയും ഹിറ്റാച്ചിയും ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു തെരച്ചിൽ.ഇടുക്കി കോലാഹലമേട്ടിൽ മണ്ണിടിച്ചിലിൽ കാണാതായ വൈക്കം സ്വദേശി പ്രഭാകരനായി തിരച്ചിൽ പുരോഗമിക്കുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ബന്ധു ലീലാമണി രക്ഷപ്പെട്ടു.കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു മരണം സ്ഥിരീകരിച്ചു. മണപ്പാട്ട് ജോണിയുടെ മകനാണ് മരിച്ചതെന്നാണ് വിവരം. ജോണിയുടെ ഭാര്യയും മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. മലയില്‍ നിന്ന് ഉരുള്‍ പൊട്ടി വരികയായിരുന്നുവെന്ന് പ്രദേശവാസിയായ മനീഷ് പറഞ്ഞു. മുണ്ടക്കയം കോസ് വേ വെള്ളം കയറി മുങ്ങി. പലയിടത്തും വീടുകളില്‍ വെള്ളം കയറി. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗത തടസമുണ്ടായി. ഇടുക്കി ഏലപ്പാറയിലും വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിക്കുകയാണ്.
പത്തനംതിട്ടയില്‍ പെയ്ത കനത്ത മഴയില്‍ കോന്നി നെല്ലിക്കാപാറയില്‍ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. സീതത്തോട് വീടുകളില്‍ വെള്ളം കയറി.കക്കാട്ട് ആറിലെ ജലനിരപ്പ് ഉയര്‍ന്നു. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു. പേട്ട ജംഗ്ഷന് സമീപം വെള്ളം കയറി. മാമുക്ക് ചെറിയ പാലത്തിന് സമീപം വെള്ളമെത്തി.ഇട്ടിയപ്പാറയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.അതേസമയം, സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി.
അതിശക്തമായ മഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കഴിഞ്ഞ രാത്രിയിൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈങ്ങാപ്പുഴ ടൗണിൽ വെള്ളം കയറിയതിനാൽ ദേശീയപാത വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ജലാശയങ്ങളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക. മലയോര മേഖലയിലെ പുഴകളിലും തോടുകളും കര കവിഞ്ഞ് ഒഴുകുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് 01/08/2026 (ശനി) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പി.എസ്.സി പരീക്ഷകളും സർവകലാശാല പരീക്ഷകളും നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.
കോഴിക്കോട് ജില്ലയിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കും: ആഘോഷങ്ങൾ ഓഗസ്റ്റ് 24 മുതൽ 30 വരെ
കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ജനകീയ പങ്കാളിത്തത്തോടെ വിപുലമായി നടത്താന്‍ സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ തീരുമാനം. ഓഗസ്റ്റ് 24 മുതല്‍ 30 വരെ വിവിധ വേദികളിലായി നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും ധാരണയായി. രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനകള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കും. വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിക്കാനും പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ക്ക് അവസരമൊരുക്കാനും യോഗത്തില്‍ തീരുമാനമായി. ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ജില്ലാതലത്തില്‍ പൂക്കള മത്സരം ഒരുക്കും. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികള്‍ അണിനിരക്കുന്ന മത്സരം താലൂക്ക് അടിസ്ഥാനത്തിലാണ് നടക്കുക. ഓരോ താലൂക്കില്‍നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് വീതം ടീമുകളുടെ പൂക്കളങ്ങള്‍ ജില്ലയില്‍നിന്നുള്ള പ്രത്യേക ജഡ്ജിങ് പാനല്‍ വിലയിരുത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിര്‍ണയിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ പെരുമ നിലനിര്‍ത്തുന്ന രീതിയില്‍ ആഘോഷം വിപുലമായി സംഘടിപ്പിക്കണമെന്നും പരിപാടിക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കെ. ജയന്ത് എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ അഡ്വ. കെ പ്രവീണ്‍ കുമാര്‍, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ. ഫൈസല്‍ ബാബു, കെ.കെ രമ, കെ.എം അഭിജിത്ത്, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി, സബ് കലക്ടര്‍ ഗൗതം രാജ്, അസി. കലക്ടര്‍ മാളവിക ജി നായര്‍, കോഴിക്കോട് സിറ്റി അഡീഷണല്‍ എസ്.പി സുനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ സംഘാടനത്തിനായി റവന്യൂ വകുപ്പ് മന്ത്രി മുഖ്യ രക്ഷാധികാരിയും ജില്ലയില്‍നിന്നുള്ള എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പറേഷന്‍ മേയര്‍, മുന്‍ മന്ത്രിമാരായ എം.കെ മുനീര്‍, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ടി.പി രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വ്യവസായി പി.വി ചന്ദ്രന്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും അഡ്വ. കെ ജയന്ത് എം.എല്‍.എ ചെയര്‍മാനും ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ജനറല്‍ കണ്‍വീനറും ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജി അഭിലാഷ് കുമാര്‍, ഡി.ടി.പി.സി സെക്രട്ടറിയും ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുമായ പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ കോ-ഓഡിനേറ്റര്‍മാരുമായി വിപുലമായ സംഘാടക സമിതിയും യോഗത്തില്‍ രൂപീകരിച്ചു.
എക്‌സൈസ് വകുപ്പ് പരിശോധന: മൂന്ന് മാസത്തിനിടെ ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായത് 176 പേര്‍
ഓണം സ്പെഷ്യല്‍ ഡ്രൈവ് നാളെ (ഓഗസ്റ്റ് ഒന്ന്) മുതല്‍
എക്‌സൈസ് വകുപ്പ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ 184 മയക്കുമരുന്ന് കേസുകളിലായി 176 പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. ആറ് വാഹനങ്ങള്‍, 9.226 കിലോ കഞ്ചാവ്, 21 കഞ്ചാവ് ചെടി, 42.629 മെത്താംഫിറ്റമിന്‍, 11.998 ഗ്രാം ഹെറോയിന്‍, 8 ഗ്രാം ചരസ്, 51.188 ഗ്രാം എം.ഡി.എം.എ, 16220 ഗ്രാം ഗഞ്ച ചോക്ലേറ്റ് എന്നിവ പിടിച്ചെടുത്തു. 349 കോട്പ കേസുകളിലായി 17.860 കിലോ പുകയില ഉല്‍പന്നങ്ങളും കണ്ടെടുത്തു. 429 അബ്കാരി കേസുകളിലായി 303 പേരെയും അറസ്റ്റ് ചെയ്തു. 2,254 റെയ്ഡുകളും 41 സംയുക്ത പരിശോധനകളും 12,431 വാഹന പരിശോധനകളും നടത്തി. 17 വാഹനങ്ങള്‍, 225 ലിറ്റര്‍ ചാരായം, 1296.860 ലിറ്റര്‍ വിദേശമദ്യം, 9708 ലിറ്റര്‍ വാഷ്, 353.025 ലിറ്റര്‍ മാഹിമദ്യം, 32.500 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തു. ഓണക്കാലത്ത് വ്യാജമദ്യ/ലഹരിമരുന്ന് വിതരണവും വിപണനവും തടയുന്നതിനായി ഓണം സ്പെഷ്യല്‍ ഡ്രൈവ് നാളെ (ഓഗസ്റ്റ് ഒന്ന്) ആരംഭിക്കും.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്താനും പരാതികളില്‍ സത്വര നടപടി സ്വീകരിക്കാനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിങ് ഫോഴ്‌സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു.
ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം (0495 2372927), ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ (0495 2372927, 9447178063), അസി. എക്സൈസ് കമീഷണര്‍ (0495 2375706, 9496002871), എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍: കോഴിക്കോട് (0495 2376762, 9400069677), പേരാമ്പ്ര (0496 2610410, 9400069679), വടകര (0496 2515082, 9400069680), താമരശ്ശേരി (0495 2214460, 9446961496), എക്സൈസ് റേഞ്ച് ഓഫീസുകള്‍: ഫറോക്ക് (0495 2422200, 9400069683), കോഴിക്കോട് (0495 2722991, 9400069682), കുന്ദമംഗലം (0495-2802766, 9400069684), താമരശ്ശേരി (0495 2224430, 9400069685), ചേളന്നൂര്‍ (0495 2855888, 9400069686), കൊയിലാണ്ടി (0495 2624101, 9400069687), ബാലുശ്ശേരി (0496 2650850, 9400069688), വടകര (0496 2516715, 9400069689), നാദാപുരം (0496-2556100, 9400069690), അഴിയൂര്‍ എക്സൈസ് ചെക്‌പോസ്റ്റ് (0496 2202788, 9400069692).
വാട്‌സ്ആപ്പ് വഴി പുതിയ സൈബർ തട്ടിപ്പ്: ബിസിനസ് സ്ഥാപനങ്ങൾക്ക് കേരള പോലീസിന്റെ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു. സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമേഴ്‌സ്, സപ്ലയർമാർ എന്നിവരുടെ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഈ സൈബർ ആക്രമണം നടത്തുന്നത്.സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വിഭാഗത്തിലേക്ക് എന്ന വ്യാജേന ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്ന പേരിൽ .vbs പോലുള്ള എക്സ്റ്റൻഷനുകളോട് കൂടിയ സ്ക്രിപ്റ്റ് ഫയലുകൾ വാട്‌സ്ആപ്പ് വഴി അയച്ചു നൽകുകയാണ് ആദ്യപടി. ഈ ഫയലുകൾ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളിലോ ലാപ്പ്ടോപ്പുകളിലോ ‘ മാൽവെയറുകൾ’ തനിയെ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. തുടർന്ന് കമ്പ്യൂട്ടറിന്റെ നിയന്ത്രണം കൈക്കലാക്കുന്ന മാൽവെയറുകൾ, ബ്രൗസറുകളിൽ സേവ് പാസ്‌വേർഡുകളും രഹസ്യമായ വിവരങ്ങളും ചോർത്തിയെടുക്കുന്നു. ശേഷം, സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പോലും ഹൈജാക്ക് ചെയ്‌ത്, അവരുടെ പേരിൽ വ്യാജ ചാറ്റുകൾ നിർമ്മിച്ച് കീഴ്ജീവനക്കാരോട് അടിയന്തരമായി പണം ട്രാൻസ്‌ഫർ ചെയ്യാൻ ആവശ്യപ്പെടുന്നു. വിശ്വസ്‌തരായ വ്യക്തികളുടെ സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങൾ വൻ തുകകൾ ഇത്തരത്തിൽ കൈമാറി ചതിക്കപ്പെടാൻ സാധ്യതയേറെയാണ്.
കോംപ്രമൈസ് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ നിന്നും ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകൾ തനിയെ കൈമാറ്റം ചെയ്യപ്പെടുന്നു.ഇതിനു മുൻകരുതലുകലായി എത്ര വിശ്വസ്‌തരായ സപ്ലയർമാരോ ഉപഭോക്താക്കളോ അയച്ചതാണെങ്കിലും, വാട്‌സ്ആപ്പ് വഴി വരുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളോ ഫയലുകളോ തുറക്കുന്നതിന് മുൻപ് അവരെ നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തുക. സംശയസ്പപദമായ ഫയലുകൾ ഒഴിവാക്കുക: അപരിചിതമായ ലിങ്കുകളോ,സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോ ഉള്ള ഡോക്യുമെൻ്റുകൾ ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്. വാട്‌സ്ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ഔദ്യോഗികമായ ഇരട്ട സ്ഥിരീകരണമില്ലാതെ ഫണ്ട് ട്രാൻസാക്ഷനുകൾ നടത്തരുത്.
മാൽവെയർ ഇൻസ്റ്റാൾ ആയെന്ന് സംശയം തോന്നിയാൽ സംശയം തോന്നിയാൽ അടിയന്തരമായി ഇൻ്റർനെറ്റ് കണക്ഷൻ (Wi-Fi / LAN Cable) വേർപെടുത്തുക. ഇൻ്റർനെറ്റ് ലഭ്യത ഇല്ലാതാക്കുന്നതിലൂടെ നിങ്ങളുടെ ഡേറ്റ തട്ടിപ്പുകാരുടെ സെർവറിലേക്ക് ചോരുന്നത് തടയാനാകും. ഈ ഫയലുകൾ പരിശോധിക്കാനെന്ന പേരിൽ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ ഫോണുകളിലേക്കോ കൈമാറരുത്.
ഇൻഫെക്ട് ആയ ഡിവൈസുകൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി അടിയന്തരമായി അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.അടിയന്തര സഹായത്തിന്: സാമ്പത്തിക സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ‘ഗോൾഡൻ അവറിനുള്ളിൽ’ തന്നെ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഓണം ആഘോഷിക്കാം’; മൂന്ന് കിടിലൻ കിറ്റുകളുമായി സപ്ലൈകോ.
തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ കിറ്റുകളുമായി സപ്ലൈകോ .അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസം മിക്സ് തുടങ്ങി നിരവധി ആവശ്യസാധനങ്ങള്‍ അടങ്ങിയതാണ് ഈ കിറ്റുകള്‍.ഇതില്‍ 1280 രൂപയുടെ സാധനങ്ങള്‍ അടങ്ങിയ അത്തം കിറ്റ് 1000 രൂപയ്ക്കും, 1880 രൂപയുടെ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.കൂടാതെ, 2540 രൂപ വിലവരുന്ന തിരുവോണം കിറ്റ് 2000 രൂപ നിരക്കിലാണ് നല്‍കുന്നത്.ഓണത്തോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സപ്ലൈകോ ഈ ആശ്വാസ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെത്തന്നെ ഇത്തവണയും ഓണച്ചന്തകള്‍ ഉള്‍പ്പെടെയുള്ള വിപണി ഇടപെടലുകള്‍ സപ്ലൈകോയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.



